കൊച്ചി: നിരത്തിൽ നിന്നും ശേഷിക്കുന്ന സ്വകാര്യ ബസുകൾ കൂടി ഒഴിയുന്നു. വരുമാന നഷ്ടവും സാമ്പത്തിക ബാദ്ധ്യതയും മൂലം ആഗസ്റ്റ് ഒന്നു മുതൽ നികുതി ഇളവിനായുള്ള ജി.ഫോം നൽകാനൊരുങ്ങുകയാണ് ബസുടമകൾ. സർവീസ് നിറുത്തി ബസുകൾ കയറ്റിയിടുന്നതിന്റെ മുന്നോടിയായാണ് ജി ഫോം സമർപ്പിക്കുന്നത്. ഇതോടെ അടുത്ത മൂന്നു മാസത്തെ നികുതി ഇളവ് ലഭിക്കും. അതേമസം ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതോടെ സാധാരണക്കാർ ദുരിതത്തിലാകും. കൊവിഡ് ഭീതി നിലനിൽക്കെയും ഒരു വിഭാഗം ആളുകൾ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്.


നിരക്കു വർദ്ധനവു വന്നിട്ടും നഷ്ടം താങ്ങാനാവാത്തതോടെയാണ് ഉടമകൾ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മാസം ആദ്യവാരം ആയിരത്തോളം ബസുകളാണ് ജി.ഫോം നൽകി കയറ്റിയിട്ടിരുന്നു. ലോക്ക് ഡൗൺ മുമ്പ് ജി ഫോം നൽകിയ 2000 ഓളം ബസുകൾ മോറട്ടോറിയം പ്രഖ്യാപിച്ചതിന് തുടർന്ന് കഴിഞ്ഞ മാസം നിരത്തിലിറങ്ങിരുന്നു. ടിക്കറ്റ് നിരക്ക് വർദ്ധിക്കാതിരുന്നതിനാൽ ഭൂരിഭാഗം ബസുകളും പിന്നീട് പിന്തിരിഞ്ഞു.
നികുതി ഇളവു കാലാവധി ജൂൺ 30 ന് അവസാനിച്ചതോടെയാണ് വീണ്ടും ജി ഫോം സമർപ്പിച്ചിച്ച് ബസുകൾ കയറ്റിയിടുകയാണ്. നിരക്ക് വർദ്ധനവ് നിലവിൽ വന്നെങ്കിലും സാമൂഹ്യ അകലം പാലിച്ച് സർവീസ് നടത്തുന്നതിനാൽ വരുമാനം കുറവായിരുന്നു.
രാവിലെയും വൈകിട്ടും മാത്രമാണ് ആളുകൾ ബസിൽ കയറുന്നത്. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ വന്നതും സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പൊതുഗതാഗതം ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നതും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായി. പലയിടങ്ങിളിലും ബസ് ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടു മൂലമാണ് ബസുടമകൾ സർവീസ് നടത്താൻ അനുവധിച്ചത്. എന്നാൽ ഇപ്പോൾ ബസ് ഓടിക്കേണ്ടെന്ന തീരുമാനത്തിലാണ് ബസുടമകൾ.

ഇപ്പോൾ സർവീസ് നടത്തുന്ന
ബസുകളും ജി ഫോം നൽകും:

നിരക്കു വർദ്ധനവിന് ശേഷവും നിലവിൽ നഗരത്തിൽ 15 ശതമാനം ആളുകൾ മാത്രമാണ് പുറത്തിറങ്ങുന്നത്. ഇവയ്ക്ക് പ്രതിദിനം 11000 വരെ വരുമാനം ലഭിച്ചിരിക്കുന്ന ബസുകളിൽ ഇപ്പോൾ 700 രൂപ വരെയാണ് പ്രതിദിനം ലഭിക്കുന്നത്. ബസുടമകൾക്ക് സാമ്പത്തിക നഷ്ടം രൂക്ഷമാണ്. ഇതേ തുടർന്നാണ് തീരുമാനം.

ലോറൻസ് ബാബു
ചെയർമാൻ
ബസുടമാ സംയുക്ത സമിതി

ജി ഫോം
നികുതി ഇളവിനായാണ് ബസുകൾ ജി ഫോം നൽകുന്നത്. ഫോം നൽകിയാൽ ബസുകൾ മൂന്നു മാസത്തേക്കോ ഒരു വർഷത്തേക്കോ കയറ്റിയിടാം. ജി ഫോം പൻവലിച്ച് ബസുകൾ റോഡിലിറക്കാം.