കോലഞ്ചേരി:പുത്തൻകുരിശ് പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവൻ വീടുകളിലും തുണി സഞ്ചികൾ വിതരണം ചെയ്യും . 7500 വീടുകളിൽ തുണിസഞ്ചികൾ നൽകും.മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്​റ്റിക് കാരി ബാഗുകൾ നിരോധിച്ചിട്ടുണ്ട്. അമ്പലമേട് കേരള എൻവിറോ ഇൻഫ്രാ സ്ട്രക്ച്ചർ ലിമി​റ്റഡ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധൻ സഞ്ചികൾ ഏ​റ്റുവാങ്ങി. വൈസ് പ്രസിഡന്റ് അംബികാ നന്ദനൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.കെ.പി വിശാഖ്, ടി.കെ പോൾ, പഞ്ചായത്തംഗങ്ങളായ പി.പി ബെന്നി, പ്രീതി കൃഷ്ണകുമാർ, ഓമന ഷൺമുഖൻ, സെക്രട്ടറി സി.മണികണ്ഠൻ, സി.ഡി.എസ്.ചെയർപേഴ്‌സൻ വിശാലം ബാബു എന്നിവർ സംബന്ധിച്ചു.