തൃക്കാക്കര : എറണാകുളം ആർ.ടി ഓഫീസിലെ ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എ.എം.വി.ഐ) കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസ് അടച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എ.എം.വി.ഐ ക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ കൊവിഡ് ടെസ്റ്റിൽ അദ്ദേഹത്തിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർ എറണാകുളത്തെ ആരോഗ്യപ്രവർത്തകയാണ്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ചവരെ ആർ.ടി ഓഫീസിൽ ജോലിചെയ്ത ആർ.ടി.ഒ അടക്കമുള്ളവരോട് ക്വാറന്റെയിനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഇന്നും നാളെയുമാണ് ഓഫീസിന് അവധിയെങ്കിലും സർക്കാർ അവധിക്കുശേഷം തിങ്കളാഴ്ച മുതൽ ഓഫീസ് പ്രവർത്തിക്കും. രോഗബാധിതനായ എ.എം.വി.ഐയുമായി പ്രൈമറി കോണ്ടാക്ടിൽ ഇല്ലാത്ത മൂന്നുപേർ മാത്രമേ ഓഫീസിൽ ഉണ്ടാകൂ. വ്യാഴാഴ്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തുമെന്ന് ആർ.ടി.ഒ ബാബുജോൺ പറഞ്ഞു.
ആർ.ടി.ഒ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓഫീസുകളും പരിസരവും കളക്ടർ, എ.ഡി.എം അടക്കമുള്ളവരുടെ ഓഫീസുകളും തൃക്കാക്കര ഫയർഫോഴ്‌സ് അസി.സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാർ, സതീഷ് ജോസ്, വിപിൻ വി എസ്,നവീത് മുഹമ്മത് എന്നിവരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.