കോലഞ്ചേരി: പേമാരിയേയും കൊവിഡിനെയും തോൽപ്പിച്ച് വിളയിച്ചെടുത്ത പച്ചക്കറികൾക്ക് ന്യായമായ വിലകിട്ടാതെ കർഷകർ ദുരിതത്തിൽ. കർഷർക്ക് ഭേദപ്പെട്ട വിളവ് ലഭിച്ചെങ്കിലും പോക്കറ്റ് നിറയ്ക്കുന്നത് ഇടനിലക്കാരണ്. അച്ചിങ്ങാപ്പയർ 40, പീച്ചിലിങ്ങ 20, പടവലങ്ങ12, വെള്ളരിക്ക 10, കോവയ്ക്ക 20 തുടങ്ങിയ നിരക്കിലാണ് വിവിധ കർഷക വിപണികൾ വഴി വിൽക്കുമ്പോൾ കർഷകന് ലഭിക്കുന്നത്. കൈമറിഞ്ഞ് വ്യാപാരിയുടെ കൈയിൽ എത്തുന്നതോടെ വില കുത്തനെ ഉയരും. 40 രൂപയ്ക്ക് കർഷകൻ വിറ്റ അച്ചിങ്ങപ്പയർ വില കിലോഗ്രാമിനു 60 മുതൽ 65 രൂപ വരെ ! 14 രൂപയ്ക്ക് കർഷകരിൽനിന്ന് വാങ്ങുന്ന മരച്ചീനി 30 രൂപ നിരക്കിലാണ് കടകളിൽ വിൽക്കുന്നത്. 10 രൂപയ്ക്ക് വിറ്റ വെള്ളരിക്ക 20 രൂപയും കോവയ്ക്ക 40-45, പടവലങ്ങ 25-30 രൂപ നിരക്കിലുമാണ് ചില്ലറ വ്യാപാരികൾ വിൽക്കുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽപോലും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ലഭിക്കുന്നത് തുച്ഛമായ വിലയാണ്. ഓണ വിപണിയിൽ ലാഭം പ്രതീക്ഷിച്ച് പുതിയ സീസൺ കൃഷിയുടെ തിരക്കിലാണ് കർഷകർ. തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടികൾമൂലം പ്രതീക്ഷകൾ മങ്ങുന്നു.
കാലാവസ്ഥയും കൊവിഡും ചതിച്ചു
2018 ലെ പ്രളയത്തിന് ശേഷം കാർഷിക മേഖല ലാഭം നൽകിയിട്ടില്ല. കാലാവസ്ഥ വ്യതിയാനമായിരുന്നു ആദ്യം. ഇത്തവണ കൊവിഡ് ചതിച്ചു. കീടബാധ നിയന്ത്രിക്കുന്നതുൾപ്പെടെ പരിപാലനത്തിൽ നേരിടുന്ന പ്രതിസന്ധികൾ കർഷകരെ ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ് പ്രളയവും കൊവിഡും തീർക്കുന്ന പ്രതിസന്ധികൾ. കടമെടുത്ത് കൃഷിയിറക്കിയിവരും പാട്ടത്തിന് ഭൂമിയിൽ കൃഷിയിറക്കിയവരും നാശം നേരിട്ടവരിൽ ഉണ്ട്. ഇടനിലക്കാർക്ക് വില്ക്കുന്നതിലെ നഷ്ടക്കച്ചവടം തിരിച്ചറിഞ്ഞ കർഷകരിൽ ചിലർ നേരിട്ട് വഴിയോരവിപണികൾ തുറന്നും വിറ്റഴിച്ചു തുടങ്ങി. കൃഷി ഒരുകാലത്ത് ജീവിതമാർഗമായിരുന്നു. ഇന്ന് ഇടനിലക്കാർക്ക് മാത്രമാണ് ലാഭം.
കർഷകന് പ്രയോജനമില്ല
പച്ചക്കറിക്ക് വിലകൂടിയാലും ആദായം വില്പനക്കാരന് മാത്രമാണ് കർഷകന് കാര്യമായ പ്രയോജനമില്ല.
സിനിൽ കുര്യാക്കോസ്, കർഷകൻ, പട്ടിമറ്റം.