കോലഞ്ചേരി: പേര് കർക്കടക കഞ്ഞിക്കൂട്ട്. എന്നാൽ പേരിന് പോലും നവര അരിയും നവധാന്യവുമില്ല.ചേരുവയിൽ മരുന്നും കുറവ്! വിപണിയിൽ വില്പനയ്ക്ക് എത്തിച്ചിട്ടുള്ള തട്ടിക്കൂട്ട് കഞ്ഞിക്കൂട്ടുകൾക്ക് എതിരെ വ്യാപക പരാതി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസില്ലാതെയും ഉയർന്ന വിലയുമാണ് ഉത്പന്നത്തിന് ഈടാക്കുന്നത്. കൊവിഡിനെ തുടർന്ന് പ്രമുഖ ബ്രാൻഡുകളൊന്നും ഇത്തവണ കർക്കട കഞ്ഞിക്കൂട്ട് വിപണയിൽ എത്തിച്ചിട്ടില്ല. ഇത് മുതലെടുത്താണ് പലരും ചേരുവകൾ പേരിന് ഉൾപ്പെടുത്തി ഔഷധക്കഞ്ഞിക്കൂട്ട് വിൽക്കുന്നത്. പ്രാദേശികമായി കഞ്ഞിക്കൂട്ടുകളിൽ വ്യത്യാസമുണ്ടെങ്കിലും നവര അരിയും നവധാന്യങ്ങളും എല്ലായിടങ്ങളിലും നിർബന്ധമാണ്.
ഭക്ഷ്യസുരക്ഷാ നിർദ്ദേശത്തിന് പുല്ല് വില
പായ്ക്കറ്റിനുപുറത്ത് ചേരുവകളും അളവും വ്യക്തമാക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശമുണ്ട്. ഇതൊന്നുമില്ലാത്ത പായ്ക്കറ്റുകളുമുണ്ട്. നാലോ അഞ്ചോ ധാന്യങ്ങളും 100 ഗ്രാം മരുന്നും ഉൾക്കൊള്ളുന്ന പായ്ക്കറ്റിന് വില 190 മുതൽ മുതൽ 250 വരെ രൂപയാണ്. ഇത് രണ്ടുദിവസത്തേക്കുപോലും തികഞ്ഞില്ലെന്ന് വാങ്ങി ഉപയോഗിച്ച കോലഞ്ചേരി സ്വദേശി ബിജുകുമാർ പറഞ്ഞു.
ഗുണത്തേക്കാൾ ദോഷം
പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഔഷധക്കഞ്ഞി ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്നാണ് ആയുർവേദ ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. ഓരോരുത്തരുടെ ശരീര പ്രകൃതത്തിന് അനുസരിച്ചാണ് ധാന്യങ്ങൾ ചേർക്കേണ്ടത്.പ്രമേഹമുള്ളയാൾക്ക് കാർബോഹൈഡ്രേറ്റ് കൂടിയ ധാന്യങ്ങളടങ്ങിയ കഞ്ഞി കഴിക്കുന്നത് രോഗം മൂർച്ഛിക്കാൻ കാരണമാവും. കുടുംബശ്രീ വിവിധ മേഖലകളിൽ ഔഷധക്കഞ്ഞിക്കൂട്ടിറക്കിയിട്ടുണ്ട് 170 രൂപയ്ക്കാണ് വില്പന.