മൂവാറ്റുപുഴ: സി.ബി.എസ്.ഇ പരീക്ഷയിൽ അഭിമാന വിജയം നേടിയ വിനായക് എം. മാലിലിനെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. നവോദയ ഹയർസെക്കൻഡറി കൊമേഴ്‌സ് വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ മണിയന്തടം മനോജിന്റെയും തങ്കമ്മയുടെയും മകനാണ് വിനായക്. നേര്യമംഗലം ജവഹർ നവോദയ വിദ്യാലത്തിൽ പഠിച്ച വിനായക് സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കോമേഴ്‌സ് വിഭാഗത്തിലെ അകെ മാർക്കായ 500ൽ 493 മാർക്ക് വാങ്ങിയാണ് ദേശീയ തലത്തിൽ ഒന്നാമതെത്തിയത്. കൃത്യമായ സമയ വിനിയോഗവും സ്‌കൂളിൽ ലഭിച്ച ശിക്ഷണവും പഠനത്തിന് തുണയായെന്ന് വിനായകൻ ലൈബ്രറി കൗൺസിൽ ഭാരവാഹികളോട് പറഞ്ഞു. കൂലിപ്പണിക്കാരനായ മനോജിന്റെ പരിമിതമായ വരുമാനത്തിൽ നിന്നുള്ള ജീവിത രീതികൾ ഉൾക്കൊണ്ടായിരുന്നു വിനായകിന്റെ പഠനം . മൂവാറ്റുപുഴയുടെ യശസ് ദേശീയ തലത്തിൽ വാനോളം ഉയർത്തി നാടിന്റെ അഭിമാനമായ വിനായകന് താലൂക്ക് ലൈബ്രറികൗൺസിലിന്റെ ഉപഹാരമായ ട്രോഫിയും , മുൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾലാം എഴുതിയ മൈ ഇന്ത്യ എന്ന പുസ്തകവും പ്രസിഡന്റ് ജോഷി സ്‌ക്കറിയ സമ്മാനിച്ചു. ചടങ്ങിൽ സെക്രട്ടറി സി.കെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ , പഞ്ചായത്ത് മെമ്പർ പി.കെ. സാബു പുന്നേക്കുന്നേൽ, ബൈജു എം.കെ എന്നിവർ സംസാരിച്ചു.