കൊച്ചി: എല്ലാം ശരിയാക്കാമെന്നും ജനങ്ങളോടൊപ്പമുണ്ടെന്നും പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി സ്വർണക്കടത്തുകാർക്കും തട്ടിപ്പുകാർക്കും ഒപ്പംനിൽക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന അവിശ്വാസ പ്രമേയാവതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി അവിശ്വാസപ്രമേയം അവതരിപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, നേതാക്കളായ ദീപക് ജോയ്, കെ.പി.ശ്യാം, സിജോ ജോയ്, പി.എച്ച്. അനീഷ്, നീൽ ഹർഷൽ എന്നിവർ പങ്കെടുത്തു.

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, പാലത്തായി പീഡനക്കേസിലെ നീതിനിഷേധം, പിൻവാതിൽ നിയമനങ്ങൾ, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ എന്നിവയ്‌ക്കെതിരെയാണ് യു.ഡി.എഫ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.