peesvaly
എൽദോ എബ്രഹാം എം.എൽ.എയുടെ സാന്നിധ്യത്തിൽ ഏലിയാമ്മയെ പീസ് പാലി പ്രവർത്തകർ ഏറ്റെടുക്കുന്നു

മൂവാറ്റുപുഴ: വളർത്തു മകൾ കൈവിട്ടു. രോഗങ്ങൾ ഒന്നൊന്നായി തളർത്തി. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് ദുരിതത്തിലായ ഏലിയാമ്മയ്ക്ക് പീസ് വാലി തണലായി. കഴിഞ്ഞ മാർച്ച് മുതൽ സഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്നു ഏലിയാമ്മ. മൂന്നരമാസം മുമ്പുണ്ടായ വീഴ്ചയിൽ വലതുകാലിന് പരിക്കേറ്റതോടെയാണ് കഷ്ടകാലം തുടങ്ങിയത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഏലിയാമയെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത ഏലിയാമ്മയ്ക്ക് ആശുപത്രിയിൽ വിവിധ സംഘടനകൾ നൽകുന്ന ഭക്ഷണ പൊതികൾ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാർ വാങ്ങി നൽകുന്ന ഭക്ഷണവുമായിരുന്നു ഏക ആശ്രയം . ഡോക്ടർമാർ കാലിന് ഓപ്പറേഷൻ നിർദ്ദേശിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിക്കുന്നതിനിടയിലാണ് കൊവിഡ് പടർന്ന് പിടിച്ചതും ലോക്ക് ഡോൺ പ്രഖ്യാപനവും ഉണ്ടായത്.ഏലിയാമ്മയുടെ നിസഹയവസ്ഥ ആശുപത്രിയിലെ രോഗികൾ എൽദോ എബ്രഹാം എം.എൽ.എയെ അറിയിച്ചതോടെ എം.എൽ.എ ആശുപത്രിയിലെത്തി ഏലിയാമ്മയുടെ ദുരവസ്ഥ മനസിലാക്കി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്ക് എത്തിച്ചു. തിരികെയെത്തുമ്പോൾ ഏലിയാമ്മയെ പീസ് വാലിയിൽ പ്രവേശിപ്പിക്കാമോ എന്ന എം .എൽ. എ .യുടെ അഭ്യർത്ഥനയെ മാനിച്ച് മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് എം.എൽ .എ ഓഫീസിൽ എത്തിയ വ്യദ്ധയെ പീസ് വാലി ഭാരവാഹികൾ ഏറ്റെടുക്കുകയായിരുന്നു.കൊവിഡ് മുൻകരുതൽ പ്രമാണിച്ചു പീസ് വാലിയിലേക്ക് പുറമെ നിന്നുളളവർക്ക് പ്രവേശനം വിലക്കിയതിനാൽ എം .എൽ. എ ഓഫീസിൽ വന്ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ മാനേജർ സി. എം. ഷാജുദ്ധീൻ, എൻ .കെ .മുജീബ് റഹ്മാൻ, സ്റ്റാഫ്‌ നേഴ്സ് ശ്രുതി എന്നിവർ ചേർന്ന് ഏറ്റെടുത്തു.