കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിന് പിന്നിലെ സാമ്പത്തിക, രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും എൻ.ഐ.എ അന്വേഷണം തുടങ്ങി. സ്വർണക്കടത്തിന്റെ സൂത്രധാരൻ കെ.ടി. റെമീസിൽ നിന്ന് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു.
ചില ഭീകര സംഘടനകളുമായി റെമീസിനുള്ള ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് പരമാവധി സ്വർണം കടത്തണമെന്നാണ് റെമീസ് സ്വപ്‌നയ്‌ക്ക് നൽകിയിരുന്ന നിർദേശം. തുടർച്ചയായി യു.എ.ഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജെത്തിയതോടെയാണ് കസ്‌റ്റംസിന് വിവരം ചോർന്നുകിട്ടിയത്.
റെമീസിന്റെ സംഘത്തിലെ ഉന്നതരെ കണ്ടെത്താനാണ് എൻ.ഐ.എയുടെ ശ്രമം. റെമീസിന്റെ നിർദേശപ്രകാരം ദുബായിൽ നിന്ന് സ്വർണം അയയ്‌ക്കുന്നവരാണ് ഫൈസൽ ഫരീദും റബിൻസും. മൂവാറ്റുപുഴ സ്വദേശിയായ റബിൻസിനെ കണ്ടെത്താനായിട്ടില്ല. സന്ദീപ് നായരിൽ നിന്ന് വാങ്ങുന്ന സ്വർണം ആർക്കൊക്കെ കൊടുക്കണമെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് റെമീസ്. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ചില ഭീകരസംഘടനകൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയം. റെമീസിന്റെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഇയാൾ കസ്‌റ്റംസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തിന് പണം നിക്ഷേപിച്ച 12 പേർ പിടിയിലായിരുന്നു.
ശിവശങ്കർ ഇപ്പോഴും
സംശയ നിഴലിൽ
അതേസമയം, 24 മണിക്കൂറിലധികം ചോദ്യം ചെയ്‌തിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധുമുള്ളതിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ലെങ്കിലും, അദ്ദേഹം ഇപ്പോഴും സംശയനിഴലിലാണെന്ന് എൻ.ഐ.എ വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ ശിവശങ്കറിലേക്ക് ഇനി അന്വേഷണം നീളുകയുള്ളൂ. ശിവശങ്കർ നൽകിയ മൊഴികൾ പരിശോധിക്കാൻ എൻ.ഐ.എ പ്രത്യേകസംഘത്തെ നിയോഗിച്ചു. പ്രതികളും ശിവശങ്കറും പറയുന്ന മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.