അങ്കമാലി :കോവിഡ് 19 വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടെ പ്രതിരോധ കവചം തീർക്കുന്നതിന് മൂക്കന്നൂർ പഞ്ചായത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് ജനകീയ നിരീക്ഷണം ശക്തമാക്കി. പതിനാല് വാർഡുകളിലും ജാഗ്രതാ സമിതികൾ യോഗം ചേർന്നാണ് അമ്പത് മുതൽ നൂറ് വരെയുള്ള വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ചത്. എല്ലാ ക്ലസ്റ്ററുകളിലും പ്രത്യേകം യോഗങ്ങൾ ചേർന്ന് ക്ലസ്റ്റർതല വിജിലൻസ് കമ്മിറ്റികളും നിലവിൽ വന്നു.
പത്ത് വയസിന് താഴെയുള്ള കുട്ടികളും വയോജനങ്ങളും ക്വാറന്റൈയ്നിൽ കഴിയുന്നവരും വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ക്ലസ്റ്റർതല വിജിലൻസ് കമ്മിറ്റികൾ നിരീക്ഷണം ആരംഭിച്ചു.
പൊതുനിരത്തുകളിലും വ്യാപാരസ്ഥാപനങ്ങളിലും തൊഴിൽശാലകളിലും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലും കൊവിഡ് 19 പ്രതിരോധ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
റോജി എം.ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.വർഗ്ഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി.ബിബീഷ്, വിവിധ സംഘാടന നേതാക്കളായ ഏല്യാസ് കെ.തരിയൻ, കെ.എസ്. മൈക്കിൾ, പി.വി മോഹനൻ, സി.എം ബിജു, കെ.പി സോമൻ, പഞ്ചായത്ത് അംഗങ്ങളായ എ.സി. പൗലോസ്, സ്വപ്ന ജോയി, ഡെയ്‌സി ഉറുമീസ്, എന്നിവർ കവലകൾ തോറുമുള്ള ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി.
മൂക്കന്നൂർ പഞ്ചായത്തിൽ 12 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ രണ്ടെണ്ണം നെഗറ്റീവ് ആയി. 120 പേർ ഹോം ക്വാറന്റൈയ്നിലുണ്ട്. രോഗവ്യാപനം നിയന്ത്രണവിധേയമായതോടെ ഏഴാം വാർഡിനെ കണ്ടെയിൻമെന്റ് സോണിൽ നിന്നൊഴിവാക്കി നിയന്ത്രണങ്ങൾ മാറ്റി.