കുറുപ്പംപടി: കുറുപ്പംപടി സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾ ഒരുക്കിയ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ വയറലാകുന്നു. കൊവിഡ് കാലത്ത് കുട്ടികൾ അനുഭവിച്ച ദുരിതവും സമൂഹത്തിന്റെ കരുതലിലെ അതിജീവനവും വിഷയമാക്കിയാണ് ചിത്രം ഒരുങ്ങിയത്. കുറുപ്പംപടിയിലെ ഏഴ് വീടുകൾ ലൊക്കേഷനാക്കിയാണ് ചിത്രം നിർമ്മിച്ചത്. ഇവർ നിർമ്മിച്ച ബി പോസിറ്റീവ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ദൈർഘ്യം 6.24 മിനിറ്റാണ്. കുറുപ്പംപടി സെന്റ് മേരീസ് പബ്‌ളിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് അഭിനയിച്ചതും പിന്നിൽ പ്രവർത്തിച്ചതും.കൊവിഡ് പോസിറ്റീവായതിനാൽ ആശുപത്രിയിലായ മാതാപിതാക്കളുടെ ക്വാറന്റൈനിൽ കഴിയുന്ന മകൾ, വൈദ്യുതിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ പെൺകുട്ടി, റഷ്യയിൽ പഠിക്കാൻ പോയി നാട്ടിലെത്താൻ കഴിയാതെ ദുരതത്തിലായ വിദ്യാർത്ഥിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഇവരെ സഹായിക്കാനെത്തിയ താലൂക്ക് ആശുപത്രി നഴ്സ്, പഞ്ചായത്ത് പ്രസിഡന്റ്, പ്രവാസി സംഘടന പ്രതിനിധി എന്നിവരാണ് മറ്റു കഥാ പാത്രങ്ങൾ. ഓരോ വീടുകളിലും സെറ്റൊരുക്കി കുട്ടികൾ തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പാർവതി കൃഷ്ണൻ എഡിച്ച് ചെയ്തത്. പാർവതി കൃഷ്ണൻ, പി.ജെ. അഞ്ജന, സാറ സജി, ഹന്ന എൽദോ, ഡോറിസ് എൽഡൻ, എൽസ സണ്ണി, മരിയ സിജോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. യുട്യൂബിലും ഫെയ്സ് ബുക്കിലും ചിത്രം ലഭ്യമാണ്.