dulquer

കൊച്ചി: സി.ബി.എസ്.ഇ പ്ളസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിനായക് എം. മാലിലിന് സ്മാർട്ട് ഫോൺ സമ്മാനിച്ച് നടൻ ദുൽഖർ സൽമാൻ. ഉപരിപഠനത്തിന് അപേക്ഷ സമർപ്പിക്കാൻ കിലോമീറ്ററുകൾ താണ്ടി ഇന്റർനെറ്റ് കഫെയിലെത്തേണ്ടി വന്ന വിനായകിന്റെ ദുരവസ്ഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് താരം സ്മാർട്ട്ഫോൺ സമ്മാനമായി നൽകിയത്. ദുൽഖർ സൽമാന്റെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. അന്ന് രാത്രി താരം വിനായകിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി സി.ജി. രാജഗോപാലാണ് ദുൽഖറിന്റെ സമ്മാനമായ സാംസംഗിന്റെ സ്മാർട്ട്ഫോൺ ഇന്നലെ രാവിലെ മൂവാറ്റുപുഴ മടക്കത്താനത്തുള്ള വിനായകിന്റെ മാലിൽവീട്ടിൽ എത്തിച്ചത്. ഇതിന് പുറമെ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ വിനായകിന് ടാബും സമ്മാനിച്ചു.

കൊമേഴ്‌സ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ മാർക്ക് നേടിയ എസ്.സി/എസ്.ടി വിദ്യാർത്ഥിയായ വിനായകിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ അഭിനന്ദിക്കുകയും മൻ കി ബാത്തിലൂടെ ഇരുവരും തമ്മിലുള്ള സംഭാഷണം രാജ്യം മുഴുവൻ കേൾക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയോട് തനിക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ കൊമേഴ്സിൽ ബിരുദമെടുക്കാനാണ് ആഗ്രഹമെന്ന് വിനായക് അറിയിച്ചിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടിയാൽ തന്റെ എം.പി ക്വാർട്ടേഴ്സിൽ താമസ സൗകര്യമൊരുക്കാമെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി വിനായകിനെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന വിനായകിന്റെ ആഗ്രഹം അദ്ദേഹത്തെ അറിയിക്കാമെന്നും സുരേഷ്ഗോപി വാക്കുനൽകി.

സ്വന്തമായി ഫോണില്ലാതിരുന്ന വിനായക് അമ്മയുടെ തങ്കയുടെ ഫോണിലൂടെയാണ് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നത്. കൂലിപ്പണിക്കാരനാണ് വിനായകിന്റെ അച്ഛൻ മനോജ്. സിവിൽ സർവീസാണ് വിനായകിന്റെ ലക്ഷ്യം.

"ഒരു സമ്മാനം കരുതിയിട്ടുണ്ട്. അത് എൻജോയ് ചെയ്യണമെന്നേ ദുൽഖർ സൽമാൻ പറഞ്ഞുള്ളൂ. അതെന്താണെന്ന് പറഞ്ഞില്ല. ഒരുപാട് സന്തോഷം. ടാബ് നൽകിയ ജോസഫ് സാറി നും നന്ദി."

വിനായക് എം മാലിൽ