കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ, കോർപ്പറേഷന്റെ മഴക്കാലപൂർവ ശുചീകരണം തുടങ്ങി എല്ലാ പദ്ധതികളെയും തോല്പിച്ചുകൊണ്ട് നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്. മണിക്കൂറുകളോളം തോരാതെപെയ്ത മഴയിൽ എം.ജി റോഡ്, കെ.എസ്.ആർ.ടി.സി പരിസരം, കടവന്ത്ര, പനമ്പള്ളിനഗർ, കലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ ശക്തമായ വെള്ളക്കെട്ടാണ്.

# പശ്ചിമകൊച്ചിയിൽ തീരാദുരിതം

ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് പശ്ചിമകൊച്ചിയിലാണ്. പള്ളുരുത്തിയിലെ നിരവധി സ്ഥലങ്ങൾ മുങ്ങിക്കിടക്കുകയാണ്. പനമ്പിള്ളിനഗർ, സൗത്ത് കടവന്ത്ര, സൗത്ത്, തോപ്പുംപടി, പെരുമ്പടപ്പ്, കുമ്പളങ്ങി എന്നിവിടങ്ങളിലും വെള്ളം കയറി. സൗത്ത് റെയിൽവെ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറി. കുമാരനാശാൻ നഗറിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കലൂർ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ വെള്ളം കയറി. ഗാന്ധിനഗർ ഫയർസ്റ്റേഷന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശ്രമിച്ചാണ് വെള്ളം പമ്പുചെയ്ത് പുറത്തുകളഞ്ഞത്. കലൂർ പേരണ്ടൂർ കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള ജേർണലിസ്റ്റ് കോളനി, ജി.സി.ഡി.എയുടെ എൽ.ഐ.ജി ക്വാർട്ടേഴ്‌സിന്റെ താഴത്തെനില എന്നിവിടങ്ങളിൽ വെള്ളംകയറി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഉൾവശത്തും പരിസരങ്ങളിലും മുഴുവൻ വെള്ളം കയറിയതോടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. മുട്ടറ്റം വെള്ളത്തിൽ ഡെസ്‌കിന്റെ മുകളിലിരുന്ന് ആളുകൾക്ക് ജോലി ചെയ്യേണ്ടിവന്നു. വർക്ക്ഷോപ്പിലും വെള്ളം കയറിയതോടെ ജീവനക്കാർ ബുദ്ധിമുട്ടിലായി. . അതേസമയം സർവീസുകൾ മുടങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് സ്റ്റാൻഡിന് പുറത്ത് നിന്ന് ബസിൽ കയറേണ്ടിവന്നു.

# ചെല്ലാനത്തുകാർ ആശങ്കയിൽ

കൊവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ചെല്ലാനം, പശ്ചിമകൊച്ചിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ ശക്തമായതോടെ ആളുകൾ ഭീതിയിലായി. എറണാകുളം നഗരത്തിലെ ഉദയ കോളനി, പി.ആൻഡ്.ടി കോളനി എന്നിവിടങ്ങളിലെ വീടുകൾക്കുള്ളിൽ വെള്ളംകയറി. ഇവിടെനിന്ന് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.രാവിലെമുതൽ ശക്തമായ വെള്ളക്കെട്ടാണ് പ്രധാന റോഡുകളിലുണ്ടായത്. എം.ജി റോഡ് ഉൾപ്പെടെ എല്ലാസ്ഥലത്തും ഗതാഗതം തടസപ്പെട്ടു. രാവിലെ ജോലിക്ക് പോയ ആളുകളാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത്. പലർക്കും പാതിവഴിയിൽ മടങ്ങേണ്ടിവന്നു.