കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിന്റെ സജ്ജീകരണം പൂർത്തിയായി. നീലീശ്വരം ഇടവക പള്ളി വിട്ടു നൽകിയിട്ടുള്ള പുത്തേൻ ആന്റണി മെമ്മോറിയിൽ പാരീഷാ ഹാളാണ് എഫ്.എൽ.ടി സെൻ്റർ. നൂറ് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്. മലയാറ്റൂർ സെന്റ് തോമസ് ഹോസ്പിറ്റലിൽ നിന്നും ഇരുപത് കട്ടിലും, ഇല്ലിത്തോട് ദർശന ധ്യാനകേന്ദ്രത്തിൽ നിന്നുള്ള ഇറുപത്തിയെന്ന് കട്ടിലും സർക്കാർ നൽകിയ നാല്പതു കട്ടിലും കിടക്കകളും ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ട്. ഒരു ഡോക്ടർ, ആറ് സ്റ്റാഫ്‌ നേഴ്സ് രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരെ സർക്കാർ ഉടനെ നിയമിക്കും. കൂടുതൽ ആവശ്യമുള്ള ഡോക്ടർമാർ, സ്റ്റാഫ്‌ നേഴ്സ്, ഫർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ഡാറ്റാഎൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ്, വളണ്ടിയേഴ്സ് എന്നിവർക്കായുള്ള അപേക്ഷകൾ പഞ്ചായത്ത് സ്വീകരിച്ചുതുടങ്ങി. ആംബുലൻസ് സൗകര്യം പഞ്ചായത്തിലുണ്ട്. സർക്കാർ നിർദേശിക്കുന്നതു പ്രകാരം സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര ദിലീപ് പറഞ്ഞു.