വൈപ്പിൻ : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാലിപ്പുറത്ത് അനധികൃത മത്സ്യമൊത്തക്കച്ചവടം നടത്തുന്നതായി പരാതി. കച്ചവടത്തിനായി പുലർച്ചെ മുതൽ വൻആൾക്കൂട്ടമാണിവിടെ. മിക്കവരും സാമൂഹ്യഅകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് തടിച്ചുകൂടുന്നത്. മാലിപ്പുറം പാലത്തിന് വടക്കുഭാഗത്ത് പുലർച്ചെ നാല് മണിയോടെയാണ് വ്യാപാരം തുടങ്ങുന്നത്.. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന മത്സ്യങ്ങളാണ് വിറ്റഴിക്കുന്നത്.

ഇവ വാങ്ങുവാൻ ചെല്ലാനം, ആലുവ, കളമശേരി മേഖലയിലുള്ള കച്ചവടക്കാർ ഉൾപ്പെടെ ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള ചെറുകിട കച്ചവടക്കാരും കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വീടുകളിൽ എത്തി മത്സ്യം വിൽക്കുന്നവരുമാണ് എത്തുന്നത്.

വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പുലർച്ചെ മൂന്നിന് തന്നെ ഈ മേഖലയിൽ തമ്പടിക്കും. ആറുമണിവരെ കച്ചവടം തുടരും. പരാതിപ്പെട്ടിട്ടും പൊലീസ്, പഞ്ചായത്ത് ആരോഗ്യ അധികൃതർ നടപടി എടുക്കാത്ത സാഹചര്യത്തിൽ കച്ചവടം നിർബാധം തുടരുകയാണ്. നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.