കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരണ്ടൂർ കനാലിന്റെ നവീകരണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി നൽകി എറണാകുളം ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ് നഗരത്തിലെ പി. ആൻഡ് ടി കോളനിയിലെ താമസക്കാരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉപഹർജി നൽകി. 2018 ലെ പ്രളയത്തെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്നാണ് ഹർജിക്കാരിയും മറ്റൊരു വ്യക്തിയും പേരണ്ടൂർ കനാലിലെ ഒഴുക്ക് പുന: സ്ഥാപിക്കാനായി നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതനുസരിച്ച് ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുൾപ്പെടെ തയ്യാറാക്കി പണികൾ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ നഗരം വീണ്ടും വെള്ളത്തിലായത്. പേരണ്ടൂർകനാലിന്റെ നവീകരണ പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒക്ടോബർ മുതൽ ഹൈക്കോടതി നിരന്തരം ഇടപെടുന്നുണ്ട്. എന്നാൽ പേരണ്ടൂർ കനാലിന്റെ നവീകരണം പൂർണമാകണമെങ്കിൽ ഇതിനു സമീപത്തെ പി ആൻഡ് ടി കോളനിയുടെ പുനരധിവാസംകൂടി സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചത്.
പി.ആൻഡ് ടി കോളനിക്കാരുടെ പുനരധിവാസം
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസ പദ്ധതി നടപ്പാക്കാൻ രാമേശ്വരം വില്ലേജിൽ 70 സെന്റ് ഭൂമി കണ്ടെത്തി സർക്കാർ 2018 നവംബർ എട്ടിന് ഉത്തരവിറക്കിയിരുന്നു. അതേവർഷംതന്നെ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. സർക്കാർ തലത്തിലുള്ള വീഴ്ചകാരണമാണ് പദ്ധതി നടപ്പാക്കാത്തതെന്ന് ഹർജിയിൽ പറയുന്നു.
പേരണ്ടൂർ കനാൽ നവീകരണം
2018 ജൂലായ് 18 ന് പേരണ്ടൂർ കനാലിന്റെ സമ്പൂർണ നവീകരണത്തിനായി 15. 15 കോടി രൂപയുടെ കരാർ നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18 നകം പണികൾ പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ അമൃത് പദ്ധതിയിലുൾപ്പെടുത്തിയ പേരണ്ടൂർ കനാൽ നവീകരണം സമയബന്ധിതമായി നടത്തുന്നതിൽ കൊച്ചി നഗരസഭയുടെയും കരാറുകാരന്റെയും ഭാഗത്തു വീഴ്ചയുണ്ടായി. പേരണ്ടൂർകനാൽ കടന്നുപോകുന്ന പി ആൻഡ് ടി കോളനിയിലുള്ളവരുടെ പുനരധിവാസം വൈകിയതോടെ കനാലിന്റെ ഇൗ ഭാഗത്തെ നവീകരണപ്രവർത്തനങ്ങളും നിലച്ചെന്ന് ഹർജിയിൽ പറയുന്നു.
ഉപഹർജിയിലെ ആവശ്യങ്ങൾ
പി ആൻഡ് ടി കോളനിയിലെ അന്തേവാസികളുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാരിനു നിർദേശം നൽകണം.
പേരണ്ടൂർ കനാൽ നവീകരണത്തിന് സ്ഥിരം പദ്ധതിയുണ്ടാക്കുംവരെ കനാലിലെ നീരൊഴുക്ക്
തടസപ്പെടാതിരിക്കാൻ ദിവസാടിസ്ഥാനത്തിൽ നടപടിയെടുക്കാൻ നഗരസഭക്ക് നിർദേശം നൽകണം.