കൊച്ചി: ശക്തമായ മഴയിൽ കലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് മരംവീണ് പെട്ടിക്കട തകർന്നു. കലൂർ മണപ്പാട്ടിപറമ്പ് സ്വദേശി പി.എ. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് പൂർണമായും തകർന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാൻസർ ഡിറ്റക്ഷൻ സെന്ററിന് സമീപത്തുള്ള മരംവീഴുന്നത് കണ്ട് ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായിരുന്ന യാത്രക്കാർ ബഹളംവച്ച് ഓടിയതോടെയാണ് പെട്ടിക്കടയിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും പുറത്തേക്കിറങ്ങിയത്. ഈ സമയത്ത് മരം പൂർണമായും കടയുടെ മുകളിൽ പതിച്ചിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടഉടമ പറയുന്നു.
ബസ് സ്റ്റാൻഡിൽ നിന്ന് നോർത്ത് ഭാഗത്തേക്ക് ബസുകൾ പ്രവേശിക്കുന്ന വഴിയിലാണ് മരംപതിച്ചത്. സമീപത്തുണ്ടായിരുന്ന കെ.എസ്.ഇ.ബിയുടെ പോസ്റ്റും കമ്പികളും തകർന്നു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇന്ന് രാവിലെയോടെ മാത്രമേ ഇവിടെ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു. മെട്രോ സ്‌റ്റേഷനും ചെറിയ കേടുപാടുകൾ സംഭവിച്ചു. ഈ വഴിയുള്ള ഗതാഗതവും തടസപ്പെട്ടു.. ഗാന്ധിനഗർ ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റെത്തിയാണ് മരം മുറിച്ചുമാറ്റിയത്.