വൈപ്പിൻ: കേരളതീരത്ത് ഈ ഇന്ന് അർദ്ധരാത്രിക്ക് ശേഷം ട്രോളിംഗ് നിരോധനകാലാവധി തീരുന്ന സാഹചര്യത്തിൽ കൊവിഡ് 19 നിയന്ത്രണ ചട്ടങ്ങൾക്ക് അനുസരണമായി മത്സ്യ ബന്ധന ബോട്ടുകളെ കടലിൽ പോകാൻ അനുവദിക്കണമെന്ന് മുനമ്പം വൈപ്പിൻ മത്സ്യമേഖല സംരക്ഷണ സമിതിയും മുനമ്പം ട്രോൾ നെറ്റ് ബോട്ട് ഓണേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷനും സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി മുനമ്പം, കാളമുക്ക് ഹാർബറുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കൊവിഡിനെ തുടർന്ന് മിക്ക മത്സ്യബന്ധനബോട്ടുകളും കഴിഞ്ഞ അഞ്ച് മാസത്തോളമായി കരയിൽ കെട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ തീരദേശമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു മാസത്തെ സൗജന്യ റേഷൻ ലഭിച്ചത്‌കൊണ്ടൊന്നും തീരദേശത്തെ പട്ടിണിക്കും ആവശ്യങ്ങൾക്കും അറുതിയാകില്ല. മത്സ്യബന്ധനം നിലച്ചതോടെ വൈപ്പിൻ കരയിലെ വ്യാപാര ശാലകളിലും മറ്റും കച്ചവടം തന്നെ നിലച്ച മട്ടാണ്. ഇതാകട്ടെ കടുത്ത മാന്ദ്യത്തിലേക്ക് തീരദേശത്തെ തള്ളിവിട്ടിരിക്കുകയാണ്. അന്യസംസ്ഥാന മത്സ്യങ്ങൾ കേരളത്തിലേക്ക് ഒഴുകുകയും കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് പലയിടത്തും തമ്പടിച്ച് അനധികൃതമായി മത്സ്യവില്പന നടക്കുകയുമാണ്. ഇതാകട്ടെ കൊവിഡ് വ്യാപന ഭീഷണി ഉയർത്തുന്നുമുണ്ട്.