കൊച്ചി: മക്കളെക്കൊണ്ട് തന്റെ നഗ്നശരീരത്തിൽ ചിത്രംവരപ്പിച്ച് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ബി.എസ്.എൻ.എൽ മുൻ ജീവനക്കാരി രഹ്ന ഫാത്തിമയ്ക്കെതിരെ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണച്ചുമതല അസി. കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തിരുവല്ല സ്വദേശി എ.വി. അരുൺ പ്രകാശ് ഹൈക്കോടതിയിൽ ഹർജിനൽകി. തിരുവല്ല, എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇരു കേസുകളിലുമായി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഒാഫീസർക്കാണ് അന്വേഷണച്ചുമതല. രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും അറസ്റ്റുചെയ്യാൻ പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഇതിനെ വിമർശിച്ച് രഹ്ന ഫാത്തിമ വീഡിയോ അപ്‌ലോഡ് ചെയ്തു. തന്റെ പ്രവൃത്തിയെ അവർ ന്യായീകരിക്കുകയും ചെയ്തു. കേസിൽ ഇരകളായ കുട്ടികളുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾക്കു വിരുദ്ധമാണ് ഇതെന്നും ഹർജിയിൽ പറയുന്നു.