കൊച്ചി: കനത്തമഴയിൽ എളംകുളം, എറണാകുളം വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതോടെ ആളുകളെ മാറ്റി താമസിപ്പിച്ചു. എളംകുളം മദർ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്. കമ്യൂണിറ്റി ഹാളിൽ 10 കുടുംബങ്ങളാണുള്ളത്. 22 പുരുഷന്മാരും 13 സ്ത്രീകളും 10 കുട്ടികളുമുൾപ്പടെ 45 ആളുകളാണ് ഇവിടെയുള്ളത്. കടവന്ത്ര സ്കൂളിൽ മൂന്ന് കുടുംബങ്ങളുണ്ട്. രണ്ട് പുരുഷന്മാരും ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 10 പേർ ഇവിടെയുണ്ട്. പി.ആൻഡ് ടി, ഉദയാ കോളനികൾ, പെരുമാനൂർ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.
വാഹനങ്ങൾ മണ്ണിനടിയിൽ
കളമശേരിയിൽ വട്ടേക്കുന്നം പി.എച്ച്.സി റോഡ് ഇടിഞ്ഞതിനെ തുടർന്ന് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. റോഡിൽ പാർക്ക് ചെയ്തിരുന്ന മൂന്നുകാറുകൾ മണ്ണിനൊപ്പം കുഴിയിലേക്ക് അമർന്നു. ആളപായമില്ല. മണിക്കൂറുകൾക്ക് ശേഷം വാഹനങ്ങൾ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തകർന്ന വൈദ്യുതി പോസ്റ്റുകളും നീക്കി.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതിബന്ധവും വിച്ഛേദിച്ചു. സനിൽകുമാർ, ബി.കെ.ശ്രീമതി, നിധീന ബി.മേനോൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. വാടകക്കാരായിരുന്നു താമസക്കാർ. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പുറകുവശമാണ് ഇടിഞ്ഞത്. കെട്ടിടത്തിന്റെ പോർച്ച് വരെയുള്ള ഭാഗം വിള്ളൽവീണ നിലയിലാണ്. സമീപത്തുള്ള കെട്ടിടത്തിനും അപകടഭീഷണി ഉള്ളതിനാൽ വൈദ്യുതിബന്ധം വിച്ഛേദിച്ച് താമസക്കാരെ ഒഴിപ്പിച്ചു.
പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ വില്ലേജിൽ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കണിയാംകുന്നിലെ ചരിവ്പറമ്പ് വീട്ടിൽ തങ്കമ്മ, പുതുവൽപറമ്പ് വീട്ടിൽ നൗഷർ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
ഇടമലയാർ ഡാമിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. 137.1 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ് .ഡാമിന്റെ പൂർണ സംഭരണ ജലനിരപ്പ് 169 മീറ്ററും പരമാവധി ജലനിരപ്പ് 171 മീറ്ററും ആണ്.