indian-rupee

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന മലയാളസിനിമയെ കരകയറ്റാൻ രജിസ്ട്രേഷൻ തുകയിൽ ഇളവുവരുത്തി കേരള ഫിലിം ചേംബർ. നിലവിലുണ്ടായിരുന്ന തുകയിൽ 40 ശതമാനം ഇളവുവരുത്തി ആഗസ്റ്റ് ഒന്നുമുതൽ രജിസ്ട്രേഷൻ പുനരാരംഭിക്കാൻ ഇന്നലെ ചേർന്ന ചേംബറിന്റെ യോഗത്തിൽ തീരുമാനിച്ചു. പുതിയ മലയാള സിനിമകളുടെ രജിസ്ട്രേഷന് 15,000 രൂപ നൽകിയാൽ മതിയാകും. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഉടനെ തുറക്കേണ്ടെന്നും ചേംബർ അഭിപ്രായപ്പെട്ടു. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസിനായി നൽകാവൂ. സിനിമാവ്യവസായത്തിന് ആവശ്യമായ ഇളവുകൾ പാക്കേജായി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിവേദനത്തിൽ പെട്ടെന്ന് തീർപ്പുണ്ടാക്കണം. ഓൺലൈനിലാണ് യോഗം ചേർന്നത്.