കൊച്ചി: ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചതായി ബ്രേക്ക്ത്രൂ സാങ്കേതികസമിതി ചെയർമാൻ ആർ. ബാജി ചന്ദ്രൻ പറഞ്ഞു. ബ്രേക്ക്ത്രൂ ഒന്നാംഘട്ടത്തിൽ കോർപ്പറേഷൻ പരിധിയിലെ അടഞ്ഞതും മൂടപ്പെട്ടുപോയതുമായ ഓടകൾ നവീകരിക്കുന്ന പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.
രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന തോടുകളും കായൽമുഖങ്ങളും എക്കലും മറ്റ് തടസങ്ങളും നീക്കി നഗരാതിർത്തിക്കകത്ത് വരുന്ന മഴവെള്ളം പൂർണ്ണമായും കായലിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി പ്രധാന തോടുകളായ കാരണക്കോടം, ചങ്ങാടംപോക്ക്, ചിലവന്നൂർ, കോയിത്തറകനാൽ, മുല്ലശ്ശേരി കനാൽ, തേവര കായൽമുഖം, പേരണ്ടൂർ കായൽമുഖം, ഇടപ്പള്ളി തോട് എന്നീ പ്രധാന പദ്ധതികൾ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ മുല്ലശ്ശേരി കനാൽ ഒഴികെ ബാക്കിയെല്ലാം പൂർത്തീകരിച്ചു.
നഗരപരിധിയിലെ പ്രധാന കനാലായ തേവര പേരണ്ടൂർ( ടി.പി ) കനാൽ നവീകരണം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നതിനാൽ ഈ കനാൽ ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. കടലിൽ രണ്ടടിയോളം വെള്ളം പൊങ്ങിയിട്ടും ബ്രേക്ക്ത്രൂവിൽ ഉൾപ്പെടുത്തി നവീകരിച്ച കനാലുകളിൽ ഒഴുക്ക് സുഗമമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ് പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകുവാൻ കാരണം മുല്ലശേരി കനാലിന്റെ ആദ്യ ഭാഗങ്ങളിൽ ബെഡ് ലെവൽ ഉയർത്തിക്കൊണ്ടുള്ള കോൺക്രീറ്റ് നിർമ്മാണമാണ്.ബ്രേക്ക്ത്രൂ പദ്ധതിയിൽ നവീകരിച്ച പ്രധാനകനാലുകളുടെ ഒരു ഭാഗത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. കമ്മട്ടിപ്പാടം, പനമ്പിള്ളിനഗർ, വടുതല, എന്നീ ഭാഗങ്ങൾ ടി.പി കനാലിന്റെ വശങ്ങളാണ്. ആർ.ബാജി ചന്ദ്രൻ പറഞ്ഞു.