ആലുവ: കനത്ത മഴയിൽ ആലുവ നഗരം പൂർണമായി വെള്ളക്കെട്ടിലായി. കാൽനട യാത്രയും വാഹന ഗതാഗതവും ഇല്ലാതിരുന്നതിനാൽ വെള്ളക്കെട്ട് പൊതുജനത്തെ ബാധിച്ചില്ലെങ്കിലും കർഫ്യുവിനെ തുടർന്ന് മൂന്നാഴ്ച്ചയിലേറെയായി അടഞ്ഞുകിടക്കുന്ന നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത് കച്ചവടക്കാർക്ക് ഇരുട്ടടിയായി.
ചൊവ്വാഴ്ച്ച രാത്രി മുതൽ നിർത്താതെ പെയ്ത മഴയാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ ബാങ്ക് ജംഗ്ഷൻ വരെയും, ബസ് സ്റ്റാൻഡ് മുതൽ കുന്നുംപുറം റോഡും വെള്ളക്കെട്ടിലായി. ഇരുറോഡുകളിലുമുള്ള നിരവധി കടകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ബൈപാസ് ജംഗ്ഷൻ ബ്രിഡ്ജ് റോഡിലെ താഴ്ന്ന ഭാഗത്തുള്ള കടകളിലും വെള്ളം കയറി. റെയിൽവേ സ്റ്റേഷൻ സ്വകയറിലും നഗരസഭയിലെ ജനവാസ കേന്ദ്രമായ തോട്ടക്കാട്ടുകര ഏഴാം വാർഡിലെ വഴികളിലും വെള്ളക്കെട്ടുണ്ടായി. 21-ാം വാർഡ് സ്ഥിതി ചെയ്യുന്ന പുളിഞ്ചുവട് ജംഗ്ഷനിൽ നിന്നും ലയൻസ് ക്ലബ്ബ് - കമ്മത്ത് ലൈൻ റോഡും വെള്ളക്കെട്ടിലായി.
# നഗരസഭയുടെ വീഴ്ച്ചയെന്ന് ആക്ഷേപം
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലെയും, അനുബന്ധ തോടുകളിലെയും, പ്രധാന കാനകളിലെയും എക്കലും ചെളികളും കാലവർഷത്തിന് മുമ്പ് നീക്കം ചെയ്യേണ്ടടതായിരുന്നു. ആലുവ നഗരസഭ ഇക്കാര്യത്തിൽ വരുത്തിയ വീഴ്ച്ചയാണ് വെള്ളക്കെട്ടിന് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.
# കാനശുചീകരണം നടത്തിയില്ല
കഴിഞ്ഞ ഏപ്രിൽ മാസം ജില്ല കളക്ടർ ചെയർമാനായിട്ടുള്ള ദുരന്തനിവാരന്ന അതോറിട്ടി യോഗം കളക്ടർ വിളിച്ച് ചേർത്ത് കാലവർഷത്തിന് മുമ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിയത്. എന്നാൽ നാളിതുവരെയായിട്ടും ആലുവയിൽ കാന ശുചീകരണം പൂർത്തിയാക്കിയിട്ടില്ലെന്നാണ് ആക്ഷേപം.
ഇതേ തുടർന്ന് ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത് ,നെടുമ്പാശ്ശേരി പഞ്ചായത്ത് എന്നീ സ്ഥലങ്ങളിലെ തോടുകളിൽ നിന്നും കാനകളിൽ നിന്നും ചെളികൾ നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് മാസത്തിൽ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർക്കും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും നിവേദനം നൽകിയിരുന്നു.
#നഗരസഭ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരികൾ
നഗരസഭയുടെ വീഴ്ച്ചയെ തുടർന്ന് വെള്ളം കയറിയ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നഗരസഭ നഷ്ടപരിഹാരം നൽകണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ ആവശ്യപ്പെട്ടു.
2018ലും 19ലും പ്രളയം ബാധിച്ച് തകർന്ന വ്യാപാരികളാണ് ആലുവയിലേത്. സാഹചര്യം മുന്നിൽകണ്ട് ഇക്കുറി നേരത്തെ തന്നെ അസോസിയേഷൻ മുൻകൈയെടുത്ത് കാന ശുചീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് നിവേദനം നൽകിയതാണ്. എന്നിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ വർഷം അസോസിയേഷൻ നേരിട്ടാണ് നഗരത്തിലെ കാനകളിലെ മാലിന്യം ജെ.സി.ബി വിളിച്ച് നീക്കം ചെയ്തതെന്നും ഭാരവാഹികൾ പറഞ്ഞു.