nia

കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിന് ഭീകരവാദ ബന്ധമുണ്ടെന്നതിന് തെളിവുകൾ ഹാജരാക്കാൻ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്നലെ കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വർണക്കടത്തു വഴി പ്രതികൾ നേടിയസമ്പാദ്യം ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ടുചെയ്യാൻ ഉപയോഗിച്ചെന്നതിന്റെ തെളിവുകളാണ് കോടതി ആവശ്യപ്പെട്ടത്. ഇതിനുള്ള തെളിവുകൾ ഹാജരാക്കാൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞില്ലെങ്കിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താൻ കോടതിക്ക് കഴിയില്ലെന്നും പ്രത്യേക എൻ.ഐ.എ കോടതി ജഡ്‌ജി പി. കൃഷ്ണകുമാർ വ്യക്തമാക്കി.

യു.എ.പി.എ പ്രകാരം ചുമത്തിയ കുറ്റങ്ങൾ സാധൂകരിക്കുന്ന തെളിവു ലഭിക്കുന്നതിനായി പ്രതിയെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ വിട്ടുനൽകിയിരുന്നു. 15 ദിവസത്തിലേറെ ഇവർ കസ്റ്റഡിയിലുണ്ടായിരുന്നു. തുടർന്ന് തെളിവുകൾ ഹാജരാക്കാൻ സമയംനൽകി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ആഗസ്റ്റ് നാലിലേക്ക് മാറ്റി. എൻ.ഐ.എയ്ക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ ഹാജരാകാനിരുന്നതാണെങ്കിലും കൊച്ചി നഗരത്തിലെ വെള്ളക്കെട്ടു കാരണം കോടതിയിൽ എത്താനാവില്ലെന്ന് അറിയിച്ചിരുന്നു.

 സ്വപ്നയുടെ അഭിഭാഷകന്റെ വാദം

പ്രതിക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താൻ തെളിവുകളില്ലെന്നും സ്വർണക്കടത്തു കേസ് കസ്റ്റംസ് നിയമപ്രകാരമുള്ള കുറ്റം മാത്രമാണെന്നും സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ വാദിച്ചു. റിമാൻഡ് നീട്ടണമെന്ന അപേക്ഷയ്ക്കൊപ്പം നൽകിയ റിപ്പോർട്ടിൽ സ്വപ്ന കള്ളക്കടത്തിലൂടെ നേടിയതു ബാങ്കിലും മറ്റും നിക്ഷേപിച്ചെന്നാണ് പറയുന്നതെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

 എൻ.ഐ.എയുടെ മറുപടി

പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ നിലവിൽ തെളിവുകളുണ്ടെന്നും കേസ് ഡയറിയും ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഹാജരാക്കാമെന്നും എൻ.ഐ.എയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അർജ്ജുൻ അമ്പലപ്പറ്റ വ്യക്തമാക്കി. കേസിലെ ചില പ്രതികൾ സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് സ്വർണക്കടത്തു നടത്തിയതെങ്കിലും കേസിന്റെ രണ്ടറ്റത്തുമുള്ളവർക്ക് സാമ്പത്തിക നേട്ടം മാത്രമായിരുന്നില്ല ഉദ്ദേശ്യം. സ്വർണക്കടത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങൾ അന്വേഷിച്ചു വരികയാണ്. കേസിൽ പ്രതിയായ കെ.ടി.റമീസ് മറ്റു പല കേസുകളിലും കുറ്റവാളിയാണ്. ആയുധ നിയമ പ്രകാരമുള്ള കേസിൽ ഉൾപ്പെട്ട ഇയാൾക്ക് സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ട്.