ചേർത്തല:താലൂക്കിന്റെ വടക്കൻ തീരമായ കടക്കരപ്പള്ളിക്ക് പുറമെ പെരുമ്പളത്തും പാണാവള്ളിയിലും പളളിപ്പുറത്തും പുതിയ സമ്പർക്ക രോഗികളെ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി.കനത്ത മഴ പ്രതിരോധ പ്രവർത്തനങ്ങൾക്കും പരിശോധനയ്ക്കും വെല്ലുവിളിയാകുന്നുണ്ട്.
കടക്കരപ്പള്ളിയിൽ 75 പേർക്കു നടത്തിയ ആന്റിജൻ പരിശോധനയിൽ 10 പേരുടെ ഫലം പോസിറ്റീവായി.ഇതോടെ ഇവിടെ രോഗികളുടെ എണ്ണം 58 ആയി.25 പേരുടെ സ്രവപരിശോധനയും ഇവിടെ നടത്തിയിട്ടുണ്ട്.ഇന്ന് കടക്കരപ്പള്ളി തങ്കിയിൽ 100 പേർക്കുകൂടി ആന്റിജൻ പരിശോധന നടത്തും.രണ്ടാം വാർഡിൽ റേഷൻ വ്യാപാരിക്ക് പോസിറ്റീവായതിനെ തുടർന്ന് റേഷൻ വാങ്ങിയവരെ പരിശോധനക്കു വിധേയമാക്കുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ഇളവുകിട്ടിയ പെരുമ്പളത്ത് ആന്റിജൻ പരിശോധനയിൽ 11 പേർക്കു രോഗം കണ്ടെത്തി.ഇതിനൊപ്പം പാണാവള്ളിയിൽ ഒരു വീട്ടിലെ ആറു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.പള്ളിപ്പുറത്ത് മൂന്നു ദിവസങ്ങളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്.ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.