പിറവം: 800 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റ്. വിത്തുകളും തൈകളും എത്തിച്ചത് 300 കുടുംബങ്ങളിൽ. പദ്ധതിയുടെ പേര് പോലെ പ്രവൃത്തിയിലും മനോഹരമാക്കുകയാണ് പാമ്പാക്കുട വാട്സ്ആപ്പ് കൂട്ടായ്മ. സാമ്പാത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് കൊവിഡ് കാലത്ത് കൂട്ടായ്മയുടെ ഹരിതം മനോഹരം പദ്ധതി കൈത്താങ്ങായത്. ആറ് ഏക്കറോളം തിരിശ് ഭൂമി കൃഷിയിടമാക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി തൈകളും വിത്തുകളും മഞ്ഞൾ, ഇഞ്ചി കച്ചോലം വിത്തുകളുമാണ് കൂട്ടായ്മ വീടുകളിൽ എത്തിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഭൂമിയിലും തരിശ് നിലവും ഏറ്റെടുത്താണ് കൃഷി. 400 ഏത്തവാഴ, 300 മറ്റിനം വാഴകൾ, 2500 മൂട് കപ്പ, 300 വെണ്ട, വഴുതന, മറ്റു പച്ചക്കറികൾ എല്ലാം വിവിധ പുരയിടങ്ങളിലായി കൃഷി ചെയ്യുന്നു. പിറമാടാത്തെ അര ഏക്കർ സ്ഥലത്ത് എരിവുദ്യാനം എന്ന പേരിൽ വിവിധ ഇനം മുളകുകളാണ് കൃഷി ചെയ്യുന്നത്. ഒന്നര ഏക്കർ വരുന്ന ഈ സ്ഥലത്ത് 200 മുരിങ്ങ തൈകളും നട്ടിട്ടുണ്ട്. ഇതോടൊപ്പം കറിവേപ്പില തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. കൃഷി പരിപാലനത്തിന് 10 പേരടങ്ങുന്ന കാർഷിക സേനയും രൂപീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കൃഷി പരിപാലനത്തിന് ഒരാൾക്ക് 100 രൂപയാണ് കൂലിയായി നൽകുന്നത്.