കോലഞ്ചേരി: കുരുമുളക് കർഷകർക്ക് കൊവിഡ് കാലം സമ്മാനിച്ചത് ഇരട്ടപ്രഹരം. ഒറ്റയടിക്ക് വില പാതിയായി കുറഞ്ഞു. ഒപ്പം കുരുമുളക് വള്ളിക്ക് മഞ്ഞളിപ്പ് രോഗബാധയും. നാല് വർഷം മുമ്പ് ഒരു കിലോ ഗ്രാം കുരുമുളകിന് 700 രൂപ വരെ ലഭിച്ചിരുന്നു. നിലവിൽ 300 രൂപയാണ് വില. അപ്രതീക്ഷിത വിലയിടിവിൽ കുരുമുളക് സംഭരിച്ച വ്യാപാരികളും പ്രതിസന്ധിയിലായി.

വാങ്ങാൻ ആളില്ല

ഇറക്കുമതിയും,കൊവിഡും വില്ലനായതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. ശ്രീലങ്ക, വിയ​റ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് കർഷകരെ ഏ​റ്റവുമധികം ബാധിച്ചത്. ഗുണമേന്മ കുറഞ്ഞ കുരുമുളകാണ് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. നാടൻ കുരുമുളകിനേക്കാൾ വില കുറവായതിനാൽ ഇന്ത്യൻ കമ്പനികൾ ഇറക്കുമറി കുരുമുളകിനെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെയാണ് ഗുണമേന്മയുള്ള കുരുമുളക് വിലകുറച്ച് വില്കാൻ കർഷകർ നിർബന്ധിതരായത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചില്ലറ വ്യാപാരികൾപോലും കുരുമുളക് വാങ്ങാൻ സമീപിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

ഒപ്പം രോഗവും

വിലയിടിച്ചിൽ കഷ്ടപ്പെടുമ്പോഴാണ് രോഗബാധയുണ്ടായത്. മഞ്ഞളിപ്പ് രോഗമെന്നും സാവധാന വാട്ടമെന്നും അറിയപ്പെടുന്ന രോഗമാണ് വള്ളികളെ ബാധിക്കുന്നത്. ഇതോടെ വിളവും കുറഞ്ഞു. നേരത്തെ കർഷകരെ സഹായിക്കാനായി കേന്ദ്രസർക്കാർ 500 രൂപ തറവില പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2018 മാർച്ചിൽ കിലോയ്ക്ക് 470 രൂപ വരെ ലഭിച്ചു. പ്രതീക്ഷയോടെ മുന്നോട്ട് പോകുമ്പോഴാണ് ആഗസ്റ്രിൽ മഹാ പ്രളയമുണ്ടാകുന്നത്. കണക്കില്ലാത്ത നാശമാണ് അന്ന് കർഷകർക്കുണ്ടായത്. ഇതിനെ അതിജീവിക്കും മുമ്പ് രണ്ടാം പ്രളയവുമെത്തി. അതോടെ വിളവെല്ലാം പോയി. വിലയൊട്ട് ഉയർന്നുമില്ല.

വില കുറയുന്നു

കുരുമുളക് വില ദിവസവും കുറഞ്ഞു വരികയാണ്. 700 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന സമയത്ത് വിളവെടുത്ത് സംഭരിച്ച മുളക് ഇപ്പോൾ വിറ്റാൽ പാതി വില പോലും കിട്ടില്ല.

അനിൽകുമാർ,

കർഷകൻ,

കോട്ടപ്പടി