അന്തസ് വേണം, ജീവിച്ചാലും മരിച്ചാലും. ഇൗ രണ്ട് അവസ്ഥകളിലും പൗരന്റെ അന്തസ് കളങ്കപ്പെടരുതെന്ന് നമ്മുടെ ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും മാന്യത ഉറപ്പു വരുത്തണമെന്ന് അടിവരയിട്ടു പറഞ്ഞ രണ്ടു ഹൈക്കോടതി വിധികളാണ് അടുത്തിടെയുണ്ടായത്. ആദ്യത്തേത് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രുവിന്റേതാണ്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള സമരങ്ങളിലും കലാപങ്ങളിലും പങ്കുണ്ടെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിലെ എം.ഫിൽ വിദ്യാർത്ഥിനി ദേവാംഗന കലിതയുടെ ഹർജിയിലാണ് ഇൗ വിധി. കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് മാന്യമായ സംസ്കാരം ഉറപ്പു വരുത്താൻ മാർഗ നിർദ്ദേശങ്ങൾ വേണമെന്ന കർണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയാണ് രണ്ടാമത്തേത്.
ഡൽഹിയിലെ പ്രമുഖ വനിതാ മൂവ്മെന്റായ പിഞ്ച്ര തോഡിൽ അംഗമായ ദേവാംഗനയുടെ ഹർജി മാദ്ധ്യമ വിചാരണ മൂലം സ്വാഭാവിക നീതി നിഷേധിക്കപ്പെടുമോയെന്ന ആശങ്കയെത്തുടർന്നുള്ളതാണ്. ഹർജിക്കാരി പിടിയിലായതിനെത്തുടർന്ന് കണ്ടെത്തിയ വിവരങ്ങളെന്ന വ്യാജേന പൊലീസ് കുറേ ആരോപണങ്ങൾ പ്രസ് റിലീസാക്കി മാദ്ധ്യമങ്ങൾക്ക് നൽകിയെന്നും മാദ്ധ്യമ വിചാരണയ്ക്ക് വഴിയൊരുക്കി തനിക്കെതിരായി പൊതു അഭിപ്രായ രൂപീകരണത്തിനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും ആരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ചില ആരോപണങ്ങൾ മാത്രം മനഃപൂർവം പുറത്തു വിടുന്നു. തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് പൊലീസ് പുറത്തു വിടുന്നത്. ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങളാണിതെന്നു വ്യക്തമാക്കി മാദ്ധ്യമങ്ങൾ പുറത്തു വിടുന്ന ആരോപണങ്ങൾ പൊതു സമൂഹത്തിൽ വലിയ പബ്ളിസിറ്റിക്ക് ഇടയാക്കുമെന്നും ഇതു കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ഹർജിക്കാരി വാദിച്ചു. പിഞ്ച്ര തോഡ് എന്ന സംഘടന ഉയർത്തിയ ആരോപണങ്ങൾക്കു ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് ട്വിറ്ററിലൂടെ നൽകിയ മറുപടിയാണ് പ്രസ് നോട്ടാണെന്ന തരത്തിൽ ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നതെന്ന് അഡി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു. സംഘടന ഉന്നയിക്കുന്ന ആരോപണങ്ങൾ പൊലീസിലുള്ള ജനവിശ്വാസത്തെയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണെന്നും എ.എസ്.ജി വാദിച്ചു. എന്നാൽ കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വളരെ സെൻസിറ്റീവാണെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് വിചാരണ നടപടി അവസാനിക്കുന്നതു വരെ ദേവാംഗനയ്ക്കെതിരെ ഇത്തരം സ്റ്റേറ്റ്മെന്റുകൾ ഇറക്കുന്നതിൽ നിന്ന് ഡൽഹി പൊലീസിനെ തടഞ്ഞു. വ്യക്തികളുടെ അന്തസിന് ഭരണഘടന മൂല്യം നൽകുന്നുണ്ട്. പ്രതി ചേർത്തതു കൊണ്ടോ വിചരണ നേരിടുന്നതു കൊണ്ടോ ഒരാളുടെ അന്തസിനെ തകർക്കുന്ന നടപടികൾ പാടില്ല. ഒരാൾ കുറ്റവാളിയോ നിരപരാധിയോ ആണെന്ന് തീരുമാനിക്കേണ്ടത് പൊലീസല്ല. ഹർജിക്കാരിക്ക് എതിരെ നൽകിയ പ്രസ് റിലീസിൽ അവർ കുറ്റക്കാരിയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. മാന്യത ഭരണഘടന നൽകുന്ന അവകാശമാണ്. - ഹൈക്കോടതി ഒാർമ്മപ്പെടുത്തി.
മരണമെത്തുന്ന നേരത്ത്
കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാൻ പ്രോട്ടോക്കോളും മാർഗനിർദേശങ്ങളുമുണ്ടെങ്കിലും അന്തസോടെയുള്ള ശവസംസ്കാരം ഉറപ്പു വരുത്താൻ കഴിയണമെന്നാണ് കർണാടകയിലെ ഹൈക്കോടതി ഡിവിഷൻബെഞ്ച് ബ്രഹത് ബംഗളൂരു മഹാനഗര പാലികയ്ക്ക് (ബി.ബി.എം.പി) നൽകിയ നിർദ്ദേശം. മരിച്ച വ്യക്തിയുടെ മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തെക്കൂടി മാനിച്ചുള്ള മാന്യമായ ശവസംസ്കാരം ഉറപ്പാക്കണം. ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങളിലും പറയുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. മരിച്ചവരുടെയും ബന്ധുക്കളുടെയും മതപരമായ രീതികളെ ബഹുമാനിക്കണം. ചില പ്രത്യേക വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് മൃതദേഹം പൊതു ശ്മശാനങ്ങളിൽ പോയി കാണാൻ അനുവാദമില്ല. കൊവിഡ് രോഗികളുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് നേരിട്ട് ശ്മശാനത്തിലേക്ക് കൊണ്ടുപോകണമെന്ന മാർഗനിർദ്ദേശം നടപ്പാക്കുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണം. മൃതദേഹം സംസ്കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ കൃത്യത വേണം. മാന്യമായ ശവസംസ്കാരം ഉറപ്പാക്കണം. ഒരു തരത്തിലും കൺഫ്യൂഷനുണ്ടാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.