എസ്.എസ്.എൽ.സിക്കാർ 10763 സി.ബി.എസ്.ഇക്കാർ 1360 ഐ.സി.എസ്.ഇക്കാർ 184 മറ്റുള്ളവർ 208
കൊച്ചി: പ്ലസ് വൺ ഏകജാലക പ്രവേശനം ആരംഭിച്ച ആദ്യ ദിനത്തിൽ ജില്ലയിൽ 16896 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. 29ന് വൈകിട്ട് അഞ്ചുമണിയോടെ അപേക്ഷാ നടപടികൾ ആരംഭിച്ചു.
12515 ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു. ബാക്കി അപേക്ഷകൾ അപൂർണമാണ്. അപേക്ഷ സമർപ്പിക്കാനുള്ള സമയം ആഗസ്റ്റ് 14 വരെയാണ്. എസ്.എസ്.എൽ.സി വിജയിച്ചവർക്ക് പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളും അപേക്ഷ സർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 32,561സീറ്റുകളിലാണ് ഓൺലൈൻ പ്രവേശനം.
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി സ്വയം അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്. മൊബൈലിലൂടെയും വിവരങ്ങൾ നൽകാൻ സാധിക്കുന്നതിനാൽ വീട്ടിലിരുന്നാണ് കൂടുതൽപേരും അപേക്ഷിച്ചത്. സ്‌കൂളുകളിൽ എൻ.എസ്.എസ്, ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച സഹായ സെന്ററുകളുടെ സഹായത്താലും അപേക്ഷകൾ സമർപ്പിച്ചു. അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന കാൻഡിഡേറ്റ് ലോഗിംഗിലൂടെയാണ് തുടർന്നുള്ള നടപടികൾ. ട്രയൽ അലോട്ട്‌മെന്റിൽ തുടങ്ങി സപ്ലിമെന്ററി അലോട്ടുമെന്റുകളിൽ ഘട്ടങ്ങളായാണ് പ്രവേശനം.
ജില്ലയിലാകെ 209 സ്‌കൂളുകളിലായി 32539 സീറ്റുകളാണുള്ളത്. ഇതിൽ 18359 സയൻസ്, ഹ്യുമാനിറ്റീസ് 4150, കോമേഴ്‌സ് 10000 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. മെറിറ്റ്, നോൺ മെറിറ്റ്, സ്‌പോർട്‌സ് ക്വാട്ടകളിലാണ് പ്രവേശനം. ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് 24 നാണ് പ്രസിദ്ധീകരിക്കുക.
ആദ്യഘട്ടത്തിലെ മെറിറ്റ്, നോൺമെറിറ്റ്, സംവരണസീറ്റുകളിലെ പ്രവേശനത്തിനുശേഷം സ്‌പോർട്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശന നടപടികൾ നടക്കും. അപേക്ഷാ സമർപ്പണം പൂർത്തീകരിച്ചശേഷം കണ്ടെത്തുന്ന തെറ്റുകൾ തിരുത്തുന്നതിനും കൂടുതൽ ഓപ്ഷനുകൾ ഉൾപ്പെടുത്തുന്നതിനും അവസരം ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം നൽകും. ട്രയൽ അലോട്ട്‌മെന്റ് മുതലുള്ള തുടർ പ്രവർത്തനങ്ങൾക്കുള്ള കാൻഡിഡേറ്റ് ലോഗിൻ മൊബൈൽ ഒ.ടി.പി സംവിധാനത്തിലൂടെ രൂപീകരിക്കുന്നതിനുള്ള സൗകര്യം 10 മുതൽ ലഭ്യമാവും. ആഗസ്റ്റ് 18 നാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന് മുന്നോടിയായി കാൻഡിഡേറ്റ് ലോഗിൻ സംവിധാനത്തിലൂടെ മറ്റ് വിവരങ്ങൾ ലഭ്യമാവും.
അപേക്ഷ സമർപ്പിച്ചവർ ആകെ 16896 സ്വീകരിച്ചത് 12515 എസ്.എസ്.എൽ.സിക്കാർ 10763 സി.ബി.എസ്.ഇക്കാർ 1360 ഐ.സി.എസ്.ഇക്കാർ 184 മറ്റുള്ളവർ 208