കൊച്ചി: ചരക്ക് സേവനനികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾ തീർപ്പാക്കാൻ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31വരെ നീട്ടണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗൺ മൂലവും ടാക്‌സ് പ്രാക്ടീഷണർമാർക്കും വ്യാപാരികൾക്കും നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആംനസ്റ്റി പദ്ധതി ഉപയോഗിക്കുന്നതിന് അസസ്‌മെന്റ് വർഷം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യാപാരിക്ക് ലഭിച്ചാലേ ഉദ്ദേശിച്ച പ്രയോജനം കിട്ടുകയുള്ളു. കൊവിഡ് വ്യാപനം മൂലം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിലെ ഗോഡൗണുകളിൽ ഇറക്കാൻ കഴിയാത്ത ചരക്കുകൾ മറ്റു ഗോഡൗണുകളിൽ നിന്ന് ഡെലിവറി എടുക്കുമ്പോൾ ഇ വേ ബില്ലിന്റെ സാങ്കേതികപ്രശ്നംമൂലം വ്യാപാരികളെ നികുതിവകുപ്പുദ്യോഗസ്ഥർ പീഡിപ്പിക്കുന്നത് അന്യായമാണ്. ലോക്ക് ഡൗൺ മൂലവും മറ്റുമുണ്ടായ വൻനഷ്ടംമൂലം നട്ടംതിരിയുന്ന വ്യാപാരികളോട് ചരക്കുസേവനനികുതിവകുപ്പ് മൃദുസമീപനം സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അഭ്യർത്ഥിച്ചു