kalamaseery

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ എറണാകുളം മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി. കൂടുതൽ ഐ.സി.യു ബെഡുകളും വെന്റിലേറ്ററുകളും ഉറപ്പാക്കി അപകടാവസ്ഥയിലേക്ക് നീങ്ങുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമം.

യന്ത്രസഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം വെന്റിലേറ്റർ പിന്തുണയുള്ള 40 കിടക്കകളാണ് മെഡിക്കൽ കോളേജിലെ പുതിയ കൊവിഡ് ഐ.സി.യുവിലുള്ളത്. ആകെ 75 വെന്റിലേറ്ററുകൾ, ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്‌സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, 3 വീഡിയോ ലാറിംഗ് സ്‌കോപ്പ്, അൾട്രാ സൗണ്ട്, ഡിജിറ്റൽ എക്സറേ എന്നിവയും ഐ.സി.യുവിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയിലേക്ക് എത്തുന്ന രോഗികൾക്ക് പ്ലാസ്മ തെറാപ്പി ഉൾപ്പടെയുള്ള ചികിത്സ നൽകാനുള്ള സൗകര്യം ഇവിടുണ്ട്. 2 പേർക്ക് പ്ളാസ്മ തെറാപ്പി നൽകുന്നുണ്ട്. നിലവിൽ 18 രോഗികളാണ് കോവിഡ് ഐ.സി.യുവിലുള്ളത്.