anilmurali

കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. കരളിൽ കാൻസർ ബാധിച്ച അനിൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം പൂജപ്പുര കാട്ടുറോഡ് സ്വദേശി മുരളീധരൻ നായരുടെയും ശ്രീകുമാരി അമ്മയുടെയും മകനായി ജനിച്ച അനിൽ എറണാകുളം ഇടപ്പള്ളി ട്രിനിറ്റി ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി. കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുനൂറോളം സിനിമകളിൽ അഭിനയിച്ചു. ടി.വി സീരിയലിലൂടെയാണ് അഭിനയം തുടങ്ങിയത്. 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിതയാണ് അനിലിന്റെ ആദ്യ സിനിമ. 1994ൽ ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു.

വാൽക്കണ്ണാടി, ലയൺ, ബാബകല്യാണി, പുത്തൻപണം, നസ്രാണി, പുതിയമുഖം, സിറ്റി ഒഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടർ, അസുരവിത്ത്, കർമ്മയോദ്ധ, ആമേൻ, ഡബിൾ ബാരൽ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സ്വഭാവ നടനായും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു തുടങ്ങിയപ്പോഴാണ് മരണം കീഴടക്കിയത്.