aneesh-p-rajan

കൊച്ചി: ഇടതുപക്ഷ ബന്ധമുണ്ടെന്ന ആരോപണത്തിന് ഇരയായ സ്വർണക്കടത്ത് അന്വേഷണ സംഘത്തിലെ കസ്‌റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് പി.രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി.നിലവിൽ സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയായിരുന്നു. പത്തുദിവസത്തിനുള്ളിൽ നാഗ്പൂരിലെ കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സോണൽ ഓഫീസിൽ ചുമതലയേൽക്കാനാണ് ഉത്തരവിലെ നിർദേശം.

യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജ് വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇടതുപക്ഷ ബന്ധമുണ്ടെന്ന ആരോപണം ബി.ജെ.പിയും കോൺഗ്രസും ഉയർത്തുകയായിരുന്നു.
ആരാേപണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചതോടെ വിവാദമായി.വിഷയം കോൺഗ്രസും ഏറ്റെടുത്തു. തുടർന്നുള്ള സന്ദർഭങ്ങളിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എല്ലാം കമ്മിഷണർ പറയുമെന്ന് പ്രതികരിച്ച് അനീഷ് ഒഴിഞ്ഞുമാറി. യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാൻ അനുമതി തേടി അനീഷാണ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്. അതിന് പിന്നാലേ അറ്റാഷെ രാജ്യംവിട്ടു.