suhail

ആലുവ: വ്യക്തിവിരോധത്തെത്തുടർന്ന് കുന്നത്തേരിയിൽ ബൈക്ക് അഗ്നിക്കിരയാക്കിയ ശേഷം സി.പി.എമ്മിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച എസ്.ഡി.പി.ഐക്കാരൻ അറസ്റ്റിൽ. കുന്നത്തേരി തായിക്കാട്ടുകര ചെറുപറമ്പിൽ സുഹൈലി​നെയാണ് (22) ആലുവ സി.ഐ എൻ. സുരേഷ്‌കുമാർ അറസ്റ്റുചെയ്തത്.

കഴിഞ്ഞ 25ന് രാത്രി കുന്നത്തേരിയിൽ കരിപ്പായി സലീമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനമാണ് പ്രതി അഗ്നിക്കിരയാക്കിയത്. സംഭവത്തിനുശേഷം പ്രതിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കുറ്റം സി.പി.എമ്മിന്റെ തലയിൽ ചുമത്താൻ ബോധപൂർവം ശ്രമംനടത്തിയിരുന്നു. ഇതേത്തുടർന്ന് പ്രതിയെ ഉടൻ പിടികൂടണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നു. പച്ചക്കറി വില്പനക്കാരനായ സലീമിനോട് പ്ളംബറായ സുഹൈലിനുള്ള വ്യക്തിവിരോധത്തിന്റെ തുടർച്ചയായിട്ടാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ അബ്ദുൾ ജമാൽ, എസ്.സി.പി.ഒ ഷാഹി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.