തൃക്കാക്കര : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലേക്ക് ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2017 ലെ പട്ടികയിൽനിന്നും വിട്ടുപോയ അർഹരായ കുടുംബങ്ങൾക്കും അതിനുശേഷം അർഹത നേടിയവർക്കും അപേക്ഷകൾ നൽകാം. അപേക്ഷകൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റിയിലേക്ക് സമർപ്പിക്കണം. ഒരു റേഷൻ കാർഡിൽ ഉള്ളവരെ ഉൾപ്പെടുത്തി ഒരു വീടിനാണ് സഹായം നൽകുക. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും ഒരു അംഗത്തിന്റെ പേരിൽ നിലവിൽ വീടുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. 2020 ജൂലായ് ഒന്നിന് മുമ്പുള്ള റേഷൻകാർഡുള്ള കുടുംബം ആയിരിക്കണം. ഇതിൽ പട്ടികജാതി, പട്ടികവർഗ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഇളവ് ലഭിക്കും. വാർഷികവരുമാനം മൂന്ന് ലക്ഷം രൂപ വരെയുള്ള കുടുംബമായിരിക്കണം.

ഗ്രാമപഞ്ചായത്തുകളിൽ 25 സെന്റും നഗരങ്ങളിൽ അഞ്ച് സെന്റുമായിരിക്കണം കുടുംബത്തിന്റെ ഭൂപരിധി. ഉപജീവന ഉപാധിയെന്ന നിലയിലല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബം അനർഹരാണ്. അവകാശികൾക്ക് ഭൂമി ഭാഗംചെയ്ത സാഹചര്യത്തിൽ ഭൂരഹിതരായവർ അനർഹരായിരിക്കും. ജീർണിച്ച് വാസയോഗ്യമല്ലാത്തതും യാതൊരു സാഹചര്യത്തിലും അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത ഭവനങ്ങൾ ഉള്ളവരെ പരിഗണിക്കും. ഭൂമിയുള്ള ഭവനരഹിതർക്കുള്ള പദ്ധതിയിലേക്കുള്ള അപേക്ഷകർക്ക് സ്വന്തം പേരിലോ റേഷൻ കാർഡിലുള്ള കുടുംബാംഗങ്ങളുടെ പേരിലോ വീടു നിർമ്മിക്കാൻ അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഭൂരഹിത ഭവനരഹിതർ പദ്ധതിയിൽ അപേക്ഷകന്റെ പേരിലോ റേഷൻ കാർഡിലുള്ള കുടുംബാംഗങ്ങളുടെ പേരിലോ പാരമ്പര്യമായോ ഭൂമി ഉണ്ടാകരുത്.

അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് യോഗ്യതയുണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കാവൂ. ഒരേ റേഷൻ കാർഡിലെങ്കിലും പ്രത്യേക കുടുംബമായി കഴിയുന്ന പട്ടികജാതി പട്ടികവർഗ , മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഈ വിഭാഗങ്ങളിൽ 25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർക്കും മറ്റ് അർഹതകൾ ഉണ്ടെങ്കിൽ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് , ഭൂരഹിത കുടുംബങ്ങൾ ഭൂമി ഇല്ല എന്നു കാണിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, മുൻഗണന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , ജാതി സർട്ടിഫിക്കറ്റ് ( പട്ടികജാതി, പട്ടികവർഗക്കാർക്കു മാത്രം) എന്നിവ സമർപ്പിക്കണം.