കൊച്ചി: വെള്ളക്കെട്ട് നിവാരണത്തിനായി ചെലഴിച്ചത് കോടികൾ. എന്നിട്ടും ഒറ്റപ്പെയ്ത്തിൽ കൊച്ചിയാകെ കുളമായി. ശാശ്വത പരിഹാരം കാണാതെ വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ് കൊച്ചി കോർപ്പറേഷനും ജില്ലാ ഭരണകൂടവും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരംഭിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ കാര്യമായി പ്രയോജനം ചെയ്തില്ലെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. തോടുകളുടെയും ജലാശയങ്ങളുടെയും മാലിന്യങ്ങൾ നീക്കി വീതി കൂട്ടലും മണ്ണ് നീക്കലും മറ്റും നടന്നതല്ലാതെ കാനകളുടെ പുനർനിർമ്മാണം കാര്യക്ഷമാക്കിയില്ല. ഇത് വെള്ളത്തിന്റെ സുഗമമായുള്ള ഒഴുക്കിന് തടസമായി.മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് ഓടകളാണ് പണിതത്. പ്രധാന ഓടകളും കൾവെട്ടുകളും പല സ്ഥലങ്ങളിലും അടഞ്ഞുപോവുകയും ചെയ്തു. കലൂർ കെ.എസ്.ഇ.ബി ജംഗ്ഷൻ മുതൽ പേരണ്ടൂർ കനാൽ വരെയുള്ള പല കാനകളും അടഞ്ഞുകിടക്കുകയാണ്. വാട്ടർ അതോറിട്ടി കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ തുടങ്ങിയവയുടെ കേബിളും പൈപ്പുകളും കടന്നുപോകുന്നത് ഓടകൾക്ക് അകത്തുകൂടിയാണ്. ഇവിടെ ഓടകൾ ബോക്‌സ് മാതൃകയിൽ നിർമ്മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ആരും ചെവിക്കൊണ്ടില്ലെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു.
# സഹകരണം തേടിയില്ലെന്ന്
കോർപ്പറേഷൻ
ഓപ്പറേഷൻ ബ്രേക്ക് ത്രൂ ജില്ല ഭരണകൂടം തനിച്ച് നടപ്പാക്കിയതാണെന്നും കോർപ്പറേഷന്റെയോ ഉദ്യോഗസ്ഥരുടെയോ സഹകരണം ആവശ്യപ്പെടാതെ നടപ്പാക്കിയതിന്റെ പോരായ്മയാണ് ഇപ്പോൾ കാണുന്നതെന്നും പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷൻ പി.എം. ഹാരിസ് കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തിൽ ആവശ്യമായിരുന്നു. നഗരത്തിന്റെ മുക്കുംമൂലയും അറിയുന്ന എൻജിനീയർമാർ കോർപ്പറേഷനിലുണ്ടായിട്ടും ജില്ല ഭരണകൂടം അവരുടെ സഹകരണം ആവശ്യപ്പെട്ടില്ല. മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കെ.എം.ആർ.എൽ നിർമ്മിച്ച ഓടകൾ ഒഴുക്ക് തടസപ്പടുത്തുന്നുവെന്ന് ചുണ്ടിക്കാട്ടിയിട്ടും പോരായ്മകൾ പരിഹരിക്കാൻ കൂട്ടാക്കിയില്ല. പി.എം.ഹാരിസ് പറഞ്ഞു
# എല്ലാ ഏജൻസികളും പങ്കെടുത്തു
കോർപ്പറേഷൻ,കെ.എം.ആർ.എൽ ഉൾപ്പെടെ വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ ബ്രേക്ക്ത്രൂ നടപ്പാക്കിയതെന്നും പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചുവെന്നും ബ്രേക്ക്ത്രൂ സാങ്കേതികസമിതി ചെയർമാൻ ആർ. ബാജി ചന്ദ്രൻ പറഞ്ഞു. തേവര പേരണ്ടൂർ( ടി.പി ) കനാൽ നവീകരണം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നതിനാൽ ഈ കനാൽ ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. കടലിൽ രണ്ടടിയോളം വെള്ളം പൊങ്ങിയിട്ടും ബ്രേക്ക്ത്രൂവിൽ ഉൾപ്പെടുത്തി നവീകരിച്ച കനാലുകളിൽ ഒഴുക്ക് സുഗമമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ് പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകുവാൻ കാരണം മുല്ലശേരി കനാലിന്റെ ആദ്യ ഭാഗങ്ങളിൽ ബെഡ് ലെവൽ ഉയർത്തിക്കൊണ്ടുള്ള കോൺക്രീറ്റ് നിർമ്മാണമാണ്.ബ്രേക്ക്ത്രൂ പദ്ധതിയിൽ നവീകരിച്ച പ്രധാനകനാലുകളുടെ ഒരു ഭാഗത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. കമ്മട്ടിപ്പാടം, പനമ്പിള്ളിനഗർ, വടുതല, എന്നീ ഭാഗങ്ങൾ ടി.പി കനാലിന്റെ വശങ്ങളാണ്. ആർ.ബാജി ചന്ദ്രൻ പറഞ്ഞു.