പറവൂർ: ചാത്തനാട് റോഡിലെ കുണ്ടേക്കാവ് പാലം പുനർ നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. പ്രധാന മേജർ ജില്ലാ റോഡായ പറവൂർ - ചാത്തനാട് റോഡിലെ വളരെ വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമാണ് കുണ്ടേക്കാവ് പാലം. പൊളിച്ച് വീതി കൂട്ടി പണിയുന്നതിന് നാല് കോടി രൂപയാണ് ചെലവിടുന്നത്. 1949ൽ നിർമ്മിച്ച പാലത്തിന് കാലപ്പഴക്കത്തിൽ കേടുപാട് ഉണ്ടായതിനെ തുടർന്ന് 1996 -1997 കാലഘട്ടത്തിൽ ഗണൈററിംഗ് നടത്തി ബലപ്പെടുത്തിയിരുന്നു. നിലവിലുള്ള തോടിൻ്റെ വീതി കുറക്കാതെ തന്നെ പൈൽ ഫൗണ്ടേഷൻ നടത്തി കരയിൽ നിർമ്മിക്കുന്ന തൂണുകളിൽ സിംഗിൾ സ്പാനിൽ 23.50 മീറ്റർ നിളത്തിലും പതിനൊന്ന് മീറ്റർ വീതിയിലും നിർമ്മിക്കുന്ന ഈ പാലത്തിന്റെ ഇരുവശവും ഒന്നര മീറ്റർ വിതീയിൽ ഉള്ള ഫുട്പാത്തുകളും ഏഴര മീറ്റർ വീതിയിലുള്ള ക്യാരേജ്‌വേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചാത്തനാട് പാലം പൂർത്തിയാകുന്നതോടൊപ്പം കുണ്ടേക്കാവ് പാലത്തിന്റേയും നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കുന്നതിനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതായും മഴയുടെ ശക്തി കുറയുന്നതോടുകൂടി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.