വൈപ്പിൻ: സർക്കാർ പ്രഖ്യാപിച്ച ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുമെങ്കിലും ഈ വർഷം ദൈന്യതയുടെ പടുകുഴിയിലാണ് മുനമ്പം മത്സ്യമേഖല. കൊവിഡ് രോഗഭീതി ഈ മേഖലയെ ശ്മശാനമൂകമാക്കിയിരിക്കുകയാണ്. മുനമ്പം ഹാർബർ തുറക്കാൻ ഇതുവരെ കളക്ടർ ഉത്തരവിറക്കിയിട്ടില്ല. ജില്ലാ ഡിസാസ്റ്റർ മാനേജിംഗ് കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനവുമെടുത്തിട്ടില്ല. തീരദേശ മേഖലയിലും മത്സ്യമേഖലയിലുമാണ് കൊവിഡ് വ്യാപനം കൂടുതലെന്ന റിപ്പോർട്ടുകൾ മുനമ്പത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
# കൊവിഡിൽ മുടങ്ങിയ തയ്യാറെടുപ്പ്

ബോട്ടുകൾ കടലിലിറക്കണമെങ്കിൽ ട്രോളിംഗ് നിരോധനം തീരുന്നതിന് രണ്ടാഴ്ച മുമ്പു മുതൽ വിവിധതലങ്ങളിൽ തയ്യാറെടുപ്പുകൾ വേണ്ടിവരും. ഒരു ഐസ് പ്ലാന്റ് മുഴുവൻ സമയവും പ്രവർത്തിച്ചാലും രണ്ട് ബോട്ടുകൾക്കുള്ള ഐസ് മാത്രമേ ഉത്പാദിപ്പിക്കാനാകൂ. ഒരു പ്രാവശ്യം കടലിൽ പോയി വരാൻ ഒരു ബോട്ടിന് ശരാശരി 3000 ലിറ്റർ ഡീസൽ വേണ്ടിവരും. നാനൂറോളം ബോട്ടുകളുള്ള മുനമ്പത്ത് ഡീസൽ പമ്പ് ജെട്ടികളിൽ ഈ ബോട്ടുകളെല്ലാം ഊഴം വച്ച് ഡീസൽ നിറക്കണമെങ്കിൽ ദിവസങ്ങളെടുക്കും.
ഒരു ബോട്ടിൽ പത്ത് തൊഴിലാളികൾ വീതമുണ്ടാകും. ഇവരിൽ മിക്കവരും കന്യാകുമാരി ജില്ലയിൽ കുളച്ചൽ സ്വദേശികളാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇവരെല്ലാം ഇവിടെയെത്തി രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞിട്ടേ ബോട്ടിൽ കയറാനാകൂ. ഹാർബർ തുറക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിറക്കിയില്ലെങ്കിൽ ട്രോളിംഗ് നിരോധനം കഴിഞ്ഞാലും മുനമ്പത്തെ ബോട്ടുകൾക്ക് കടലിൽ പോകാനാകില്ല.
# ഹാർബർ തുറക്കണം, ബോട്ടുകൾ കടലിൽ പോകാൻ അനുവദിക്കണം
ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള കാലയളവിൽ മത്സ്യസമ്പത്ത് കടലിൽ കുന്നുകൂടിയിട്ടുണ്ടാകും. ബോട്ടുടമകളും തൊഴിലാളികളും പിടിച്ചുനിൽക്കുന്നത് ഈ കാലയളവിലെ മീൻപിടിത്തം കൊണ്ടാണ്. ഡീസൽ വില കുതിച്ചുയർന്നതും ഇത്തവണ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള നിരീക്ഷണ കാലയളവിലെ ചെലവും സഹിക്കേണ്ടിവരുമെന്നത് ബോട്ടുടമകൾക്ക് അധികഭാരമാകും.
കൊവിഡ് നിയന്ത്രണചട്ടങ്ങൾക്കനുസൃതമായി മത്സ്യബന്ധനബോട്ടുകളെ കടലിൽ പോകാൻ അനുവദിക്കണമെന്നും മുനമ്പം, കാളമുക്ക് ഹാർബറുകൾ തുറക്കണമെന്നും മുനമ്പം ട്രോൾ നെറ്റ് ബോട്ട് ഓണേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറി പി.പി. ഗിരീഷ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ആറുമാസമായി ബോട്ടുകൾ കരയിൽ കെട്ടിയിട്ടിരിക്കുന്നതിനാൽ മത്സ്യമേഖല സാമ്പത്തികപ്രതിസന്ധിയിലാണ്.