കൊച്ചി: പരാജയം എന്ന് അർത്ഥമുള്ള ഇംഗ്ലീഷ് വാക്കിന് (ഫെയിൽ) ''ഫസ്റ്റ് അറ്റംപ്റ്റ് ഇൻ ലേണിംഗ്...'' (പഠനത്തിനുള്ള ആദ്യശ്രമം) എന്ന് വ്യാഖ്യാനം നൽകിയത് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമാണ്. കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രചോദനമാകേണ്ടതും ഈ വാക്കുകളാണെന്ന് തെളിയിക്കുകയാണ് കലൂരിലെ 'ദി മാസ്ക്' എന്ന സ്ഥാപനം. മാസ്കുകളുടെ സൂപ്പർമാർക്കറ്റ്.

ലോകോത്തര കമ്പനികളുടെ വിവിധതരം മാസ്ക്, സാനിറ്റൈസർ, പി.പി.ഇ കിറ്റുകൾ, ഹാൻഡ് വാഷ്, റൂം സാനിറ്റൈസർ, ടോയിലെറ്റ് സാനിറ്റൈസർ, എ.ടി.എം മെഷീനിൽ കൈവിരൽ തൊടാതെ പിൻനമ്പർ അടിക്കാൻ പേന, വാതിൽ തുറക്കുമ്പോൾ സുരക്ഷിതമായി താക്കോൽതിരിക്കാനുള്ള ഹാൻഡിൽ തുടങ്ങി കൊവിഡ് വൈറസ് പ്രതിരോധ ഉപാധികൾ മാത്രമാണ് വില്പന.

കുഞ്ഞൻ മാസ്കിന് സൂപ്പർ മാർക്കറ്റൊരുക്കിയത് കൊച്ചിയിലെ ഹോട്ടൽ ഉടമയായ പി.പി. അബ്ദുൾ നിസാറാണ്. ലോക്ക് ഡൗൺ രൂപത്തിൽ ഹോട്ടൽ അടപ്പിച്ചതും ''മാസ്ക് '' തുറപ്പിച്ചതും കൊവിഡാണ്.

എവിടെയും സുലഭമായ സാധനങ്ങൾക്ക് വലിയൊരു ഷോറും തുറന്നാൽ ഇളിഭ്യനാകുമൊയെന്ന് ആദ്യം ശങ്കിച്ചെങ്കിലും മാസമൊന്നു കഴിഞ്ഞതോടെ കളമാകെ മാറിയെന്നതാണ് ഉടമ പറയുന്നത്. നഗരത്തിൽ രണ്ട് പുതിയ ഷോറുമുകൾ കൂടി ആരംഭിക്കും. കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ വ്യാപാരശാലകളുടെ കണക്കുകൾ മാത്രമാണ് എല്ലാവരും പറഞ്ഞിരുന്നതെങ്കിൽ കലൂരിൽ കേൾക്കുന്ന സന്ദേശം പ്രതിസന്ധികളിൽ പകച്ചുനിൽക്കരുതെന്നും പുതിയ വഴികൾ മുമ്പിലുണ്ടെന്നുമാണ്.

വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന ഹോട്ടൽ അടച്ചുപൂട്ടേണ്ടിവരുമെന്ന ഘട്ടത്തിലാണ് പുതിയപരീക്ഷണമെന്ന നിലയിൽ കൊറോണ നൽകിയ സാദ്ധ്യതതന്നെ തിരഞ്ഞെടുത്തതെന്നാണ് അബ്ദുൾ നിസാർ പറയുന്നത്.