മൂവാറ്റുപുഴ: രാവിലെ മുതൽ ജോലി തീരും വരെ പായിപ്ര ഗ്രാമ പഞ്ചായത്തിൽ. ശേഷം നഗരത്തിലെയും ഗ്രാമങ്ങളിലേയും ഓട്ടോ റിക്ഷ മുതൽ ഓഫീസുകൾ വരെ അണുവിമുതമാക്കൽ. ആംബുലൻസ് ഡ്രൈവറായ പേഴയ്ക്കാപ്പിള്ളി മേയ്ക്കൽ നവാസിന്റെ കൊവിഡ് കാല ജീവിതചര്യ ഇങ്ങനെയാണ്.
3000 ഓട്ടോറിക്ഷകൾ ഇതിനോടകംനവാസ് അണുവിമുക്തമാക്കി. കൂടാതെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ആർ.ടി.ഒ, ആർ.ഡി.ഒ, കെ.എസ്.ഇ.ബി, എസി.ബി.ഐ, അക്ഷയസെന്ററുകൾ,ആരാധനാലയങ്ങൾ, അനാഥശ്രമങ്ങൾ എന്നിവയും സാനിസ്റ്റേഷൻ ചെയ്തു. പ്രതിഫലമൊന്നും വാങ്ങാതെയാണ് നവാസ് ഇതെല്ലാം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് പായിപ്ര പഞ്ചായത്ത് അധികൃതർ ഇക്കാര്യങ്ങളെല്ലാം അറിയുന്നത്.തുടർന്ന് പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗം വിളിച്ച് നവാസിനെ അഭിനന്ദിച്ചു. ഒപ്പം പഞ്ചായത്തിനു കീഴിലുള്ള അങ്കണവാടികൾ,സർക്കാർ ആഫീസുകൾ എന്നീ സ്ഥാപനങ്ങളും അണുവിമുക്തമാക്കാൻ ചുമതലപ്പെടുത്തി. ആംബുലൻസിനെ ആശ്രയിക്കുന്നത് നിർദ്ധന കുടുംബത്തിലെ രോഗിയാണെന്ന് ബോദ്ധ്യമായാൽ നവാസ് പണം വാങ്ങാതെ പോകുമെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
പത്ത് വർഷമായി പായിപ്ര പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറാണ് നവാസ്. അഞ്ച് വർഷം മുമ്പ് പാമ്പുകടിയേറ്റ് സ്ത്രീയെ 9 മിനിറ്റും 14 സെക്കന്റും കൊണ്ട് കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ചതോടെയാണ് നവാസ് നാട്ടുകാരുടെ ഹീറോ ആകുന്നത്. തന്റെ ജോലി സമയത്തിനുശേഷം മൂവാറ്റുപുഴയുടെ വിവിധ പ്രദേശങ്ങളിലെ 1001 ഓട്ടോറിക്ഷ അണുവിമുക്തമാക്കുകയാണ് ഈ യുവാവിന്റെ ലക്ഷ്യം. നാല് കുട്ടികളും ഭാര്യയും മാതാവും അടങ്ങുന്നതാണ് നവാസിന്റെ കുടുംബം.