കൊച്ചി : കഴിഞ്ഞദിവസത്തെ കനത്ത മഴയെത്തുടർന്ന് എറണാകുളം നഗരം മുങ്ങിപ്പോയതിന് കാരണം വ്യക്തമാക്കി ജില്ലാ കളക്ടറും കൊച്ചി നഗരസഭാ സെക്രട്ടറിയും റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പനമ്പിള്ളിനഗർ മേഖല, കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡ്, എം.ജി റോഡിൽ കവിത മുതൽ പത്മവരെയും ജോസ് ജംഗ്ഷൻ, രവിപുരം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കി റിപ്പോർട്ട് നൽകാനാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരണ്ടൂർ കനാൽ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.
ഹൈക്കോടതിയുടെ വിമർശനമിങ്ങനെ
ഒാരോതവണ ഹർജി പരിഗണിക്കുമ്പോഴും വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും നഗരസഭയും പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞദിവസത്തെ മഴയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ എവിടെയോ എന്തോപ്രശ്നമുണ്ടെന്ന് വ്യക്തമായി. കാരിക്കാമുറി, കെ.എസ്.ആർ.ടി.സി, സൗത്ത് റെയിൽവെ സ്റ്റേഷൻ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
മുല്ലശേരി കനാൽ : പോരായ്മ പരിഹരിക്കുന്നു
മുല്ലശേരി കനാലിന്റെ അശാസ്ത്രീയമായ ചരിവുമൂലമാണ് നഗരത്തിന്റെ കിഴക്കൻമേഖലയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് രണ്ടുവർഷം മുമ്പ് ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി യുദ്ധകാലാടിസ്ഥാനത്തിൽ ഇതു പരിഹരിക്കാൻ ഉത്തരവിട്ടു. നഗരസഭയാണ് ഇൗ ജോലി ചെയ്യേണ്ടതെങ്കിലും അവർ തയ്യാറല്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാഭരണകൂടം പണികൾ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. പടിഞ്ഞാറോട്ടുചരിച്ചു നിർമ്മിക്കേണ്ടിയിരുന്ന കനാൽ കിഴക്കോട്ടാണ് ചരിച്ചുനിർമ്മിച്ചത്. ഇതിനാൽ പേരണ്ടൂർ കനാലിന്റെ ഭാഗത്തേക്കാണ് ഒഴുക്കെന്നും റെയിൽവെലൈൻ നിമിത്തം പേരണ്ടൂർ കനാലിലെ ഒഴുക്ക് തടസപ്പെടുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
പി ആൻഡ് ടി കോളനിക്കാരുടെ പുനരധിവാസം
പി ആൻഡ് ടി കോളനിയിലെ അന്തേവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി വൈകുന്നതിനെതിരായ ഉപഹർജി വിശദീകരണത്തിന് സർക്കാർ അഭിഭാഷകൻ സമയം തേടിയതിനാൽ ആഗസ്റ്റ് നാലിലേക്ക് മാറ്റി. പി ആൻഡ് ടി കോളനിക്കാരെ രാമേശ്വരം വില്ലേജിലെ 70 സെന്റ് സ്ഥലത്തു മാറ്റിപാർപ്പിക്കുന്നതിനായി സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപടികൾ 2018 ൽ തുടങ്ങിയിരുന്നെങ്കിലും ഇതു നടപ്പായില്ലെന്ന് ഹർജിക്കാർ ഉപഹർജി നൽകിയിരുന്നു. കഴിഞ്ഞദിവസത്തെ മഴയിൽ പി. ആൻഡ് ടി കോളനിയിൽ വെള്ളംകയറി ജനങ്ങൾ ഭീതിയിലായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.