പറവൂർ : സംസ്ഥാന അണ്ടർ പതിനെട്ട് സൈക്ലിംഗ് ചാമ്പ്യൻ ചേന്ദമംഗലം പാലാതുരുത്ത് പോട്ടേപറമ്പിൽ ഹരി - വിജി ദമ്പതികളുടെ മകൾ ആര്യ ഹരിക്ക് നാടിന്റെ സ്നേഹോപഹാരമായി സ്പോർട്സ് സൈക്കിൾ സമ്മാനിച്ചു. സൈക്ളിംഗിൽ സംസ്ഥാന - ജില്ലാതലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കൂടുതൽ സമയം പരിശീലനം നേടുന്നതിനോ മികച്ച സൈക്കിൾ വാങ്ങുന്നതിനോ കഴിഞ്ഞിരുന്നില്ല. കഷ്ടതകൾ മനസിലാക്കിയ പാലാതുരുത്ത് തിരുവോണം ക്ലബിന്റെ നേതൃത്ത്വത്തിൽ ആര്യയെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഒന്നേകാൽലക്ഷം വിലയുള്ള സൈക്കിളാണ് നൽകിയത്. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് സൈക്കിൾ കൈമാറി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. ഷൈല, നിത സ്റ്റാലിൻ, എ.എം. ഇസ്മയിൽ, ക്ലബ് ഭാരവാഹികളായ ഷൈജൻ, അരുൺ, ഫസൽ റഹ്മാൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.