പെരുമ്പാവൂർ: ലോക്ക് ഡൗൺ സമയത്തും നിരവധി പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ നേടുകയാണ് ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാല. ലഹരിക്കെതിരെ കാവൽക്കൂട്ടം, അടുക്കളത്തോട്ട മത്സരം, വായനക്കൂട്ടം രൂപീകരണം, കുട്ടികൾക്കായി പൊതുവിജ്ഞാന പരീക്ഷ, പി.എസ്.സി ഓൺലൈൻ പരിശീലനം, ഓൺലൈൻ മാതൃകാപരീക്ഷകൾ, കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾക്കായി സൗകര്യം, സംശയ നിവാരണക്ലാസുകൾ, വിവിധ ഓൺലൈൻ മത്സരങ്ങൾ, വായനകുറിപ്പ് മത്സരം, പ്രളയ ബാധിത പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും ഇൻഷ്വറൻസ് ചെയ്യൽ, റോഡും വീടുപരിസരം ശുചീകരണം, പ്രതിരോധ മരുന്നുകളുടെ വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്. 10 കുട്ടികൾ അടങ്ങുന്ന 13 വായനക്കൂട്ടങ്ങൾ രൂപീകരിച്ച് 4000 പച്ചക്കറി തൈകളും, വായിക്കാൻ പുസ്തകങ്ങളും നൽകി. അടുക്കളത്തോട്ടത്തിന്റെ വിളവെടുപ്പ് വാർഡ് മെമ്പർ വിലാസിനി സുകുമാരൻ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി വില്പന കേന്ദ്രം ഉടൻ ആരംഭിക്കും. ഓരോ മാസവും ഓരോ വായനക്കൂട്ടങ്ങളിലും വച്ച് പൊതുവിജ്ഞാനപരീക്ഷ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ലഹരിക്കെതിരെയുള്ള കാവൽക്കൂട്ടം പ്രവർത്തിക്കുന്നത്. പ്രവർത്തന അംഗീകാരമായി സാംസ്‌കാരിക വകുപ്പ് വായനപൂർണിമ ദേശപെരുമ പുരസ്‌കാരത്തിനും അർഹമായി. അവാർഡ് 30 ന് നടക്കുന്ന ചടങ്ങിൽ എം.പി ബെന്നിബെഹനാൻ നൽകും. വായനശാല പ്രസിഡന്റ് സി.വി ശശി, സെക്രട്ടറി എം.വി ബാബു, വൈസ് പ്രസിഡന്റ് എ.വി സന്തോഷ്, ജോ. സെക്രട്ടറി കെ. അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.