കൊച്ചി: തേവര- പേരണ്ടൂർ കനാലിലെ പ്രശ്‌നങ്ങൾ കണ്ടെത്തി വെള്ളം കായലിലേക്ക് ഒഴുക്കുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ തുക അമൃത് പദ്ധതിയിൽ നിന്നും ഉപയോഗിക്കാനും അധികമായി വേണ്ടി വരുന്ന തുക ജില്ലാ ഭരണകൂടം കണ്ടെത്താനും തീരുമാനിച്ചു.ശക്തമായ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ തീരുമാനങ്ങളെടുത്തത്.

ഇത്തവണ വെള്ളക്കെട്ട് അനുഭവപ്പെട്ട കെ.എസ്.ഇ.ബി സബ് സ്റ്റേഷനകത്തെ കനാലിലെ വീതിക്കുറവ് പ്രധാന പ്രശ്‌നമായി യോഗം വിലയിരുത്തി. കനാലിന്റെ വീതി കൂട്ടാനും ചങ്ങാടംപോക്ക്,കാരണക്കോടം തോടുകൾ കൃത്യമായ രീതിയിൽ ബന്ധിപ്പിക്കാനും കൊച്ചി മെട്രോയ്ക്ക് നിർദേശം നൽകി.

2019 ലേതിനു സമാനമായ രീതിയിൽ മഴയുണ്ടായിട്ടും അന്നുണ്ടായ രീതിയിലുള്ള വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തില്ല എന്ന് യോഗം വിലയിരുത്തി. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ നിർദേശിച്ചു. രവിപുരം, എംജി റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന്റെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരം കാണാനും തീരുമാനിച്ചു.

എം.എൽ.എമാരായ പി.ടി.തോമസ്, ടി.ജെ. വിനോദ്, മേയർ സൗമിനി ജെയിൻ ജില്ലാ കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടർ വൃന്ദാദേവി, ഓപ്പറേഷൻ ബ്രേക്ക് ത്രൂ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ബാജി ചന്ദ്രൻ, കോർപ്പറേഷൻ എക്‌സ്‌ക്യൂട്ടീവ് എൻജിനീയർ അമ്പിളി എന്നിവരും ഹൈബി ഈഡൻ എം.പി, എം..സ്വരാജ് എം.എൽ.എ എന്നിവർ വീഡിയോ കോൺഫറൻസ് വഴിയും പങ്കെടുത്തു.