പള്ളുരുത്തി: ചെല്ലാനത്തെ കൊവിഡ് മഹാമാരിയും കടൽകയറ്റവും മൂലം കഷ്ടപ്പെടുന്ന തങ്ങളെ രക്ഷപെടുത്തണമെന്നാവശ്യപ്പെട്ട് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് കത്തെഴുതി. ചെല്ലാനം പതിമൂന്നാം വാർഡിലെ എഡ്ഗർ സെബാസ്റ്റ്യനാണ് തങ്ങളുടെ ദുരിതം രാഷ്ട്രപതിയെ ഇ മെയിൽ വഴി അറിയിച്ചത്.
കത്തിലെ പ്രസക്തഭാഗങ്ങൾ: ചെല്ലാനത്ത് ദുരന്തം വീണ്ടും ആവർത്തിക്കുമ്പോൾ ആരും സംരക്ഷിക്കാനില്ല. ഉള്ളിലെ ഭയം കൊണ്ടാണ് ഈ കത്ത് എഴുതുന്നത്. വർഷത്തിൽ 2 പ്രാവശ്യം മാതാപിതാക്കൾ എന്നെയും സഹോദരനെയുമായി വീട് വിട്ടിറങ്ങും. വർഷകാലവും വേലിയേറ്റവുംമൂലം വീട്ടിൽ വെള്ളംകയറും. അതിൽനിന്ന് രക്ഷപ്പെടാനാണ് വീട് വിട്ടിറങ്ങുന്നത്.
ഈ മാസം 16 മുതൽ കടലാക്രമണമാണ്. എന്നാൽ കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ബന്ധുവീടുകളിൽ ഞങ്ങൾക്ക് പോകാൻ സാധിച്ചില്ല. ഇത്തവണയും കരയിലേക്ക് ആഞ്ഞടിച്ച തിരമാലകൾ ഇവിടത്തെ വീടുകളിൽ എത്തി. നാനൂറോളം വീടുകൾ നശിച്ചു. വീട്ടു സാധനങ്ങൾക്കൊപ്പം എന്റെയും കൂട്ടുകാരുടെയും പാഠപുസ്തകങ്ങൾ ഒഴുകി പോയി. ഞാനും മാതാപിതാക്കളും ചേർന്ന് വീട് വൃത്തിയാക്കുന്ന ചിത്രങ്ങളും വെള്ളം കയറാതിരിക്കാൻ മണൽനിറക്കുന്ന ചിത്രങ്ങളും അയക്കുന്നു. അങ്ങ് ഇടപെട്ട് കടൽഭിത്തിയും പുലിമുട്ടും നിർമ്മിച്ച് ഞങ്ങളെയും നാട്ടുകാരെയും രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.