കൊച്ചി : എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണകിറ്റ് നൽകുന്നതിന്റെ മറവിൽ ഇ-ടെൻഡടർ ഒഴിവാക്കി സാധനങ്ങൾ വാങ്ങുന്നത് ദുരൂഹതമാണെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആരോപിച്ചു.
കിറ്റ് നൽകാൻ മുൻകൂട്ടി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ നേരത്തെ ടെൻഡർ നടപടികൾ ആരംഭിക്കാമായിരുന്നു. 11 ഇനങ്ങളുടെ കിറ്റിൽ ഇ-ടെൻഡർ വിളിച്ചത് ചുരുക്കം ചില സാധനങ്ങൾക്ക് മാത്രമാണ്. വില കൂടിയ ഇനങ്ങൾക്ക് ടെൻഡർ വിളിക്കാത്തതിന് പിന്നിൽ ക്രമക്കേടുണ്ട്.
എല്ലാ സാധനങ്ങളും അംഗീകൃത വിതരണക്കാരിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ ലഭ്യമാക്കാമെന്നിരിക്കെ ഇ-ടെൻഡർ ഒഴിവാക്കി വലിയ കമ്പനികളുടെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങാനാണ് സപ്ളൈകോയുടെ നീക്കം. സപ്ളൈകോയെ വിലക്കാൻ ഭക്ഷ്യമന്ത്രി അടിയന്തിര നടപടി സ്വീകരിക്കണം. സപ്ളൈകോയ്ക്കാണ് ഉത്തരവാദിത്വം സർക്കാരിനല്ലെന്ന വകുപ്പ് മന്ത്രിയുടെ നിലപാട് ബാലിശമാണ്. സപ്ലൈകോ സർക്കാരിന്റെ കീഴിലാണ്. എല്ലാ ഇടപാടുകൾക്കും സർക്കാരിന് പൂർണ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.