പിറവം: നിയോജകമണ്ഡലത്തിൽ അനൂപ് ജേക്കബ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്രവ ശേഖരണ ക്യാബിനെറ്റും(വിസ്ക്), അണു നശീകരണ ക്യാബിനറ്റും എം.എൽ.എ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇലന്തട്ടിന് കൈമാറി. എം.എല്‍.എ ഫണ്ടിൽ നിന്ന് അന്‍പതിനായിരം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. കൊവിഡ്-19 പരിശോധനാ സംവിധാനത്തിന്റെ ഭാഗമായി രോഗിയിൽ നിന്നു വേഗം സ്രവം എടുക്കുവാനും, ആരോഗ്യ ജീവനക്കാരുടെയും രോഗിയുടെയും സുരക്ഷാ ഉറപ്പ് വരുത്തുന്നതിനുമാണ് ഈ ഉപകരണം. രോഗിയുമായി സമ്പര്‍ക്കം വരുന്ന ഉപകരണങ്ങളും ആരോഗ്യ ജീവനക്കാര്‍ ഉപയോഗിയ്ക്കുന്ന ഇതര വസ്തുക്കളും അണുവിമുക്തമാക്കുന്നതിനും ഇത് പ്രയോജനപ്പെടും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ചടങ്ങിൽ പിറവം നഗരസഭ വൈസ് ചെയപേഴ്സൺ അന്നമ്മ ടോമി അദ്ധ്യക്ഷയായി. ഷാ ഇലഞ്ഞിമറ്റം,തമ്പി ഇളവും പറമ്പിൽ, ടോമി ചിറപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.