കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിനോട് സാദൃശ്യമുള്ള വ്യക്തിയെ കണ്ടതുൾപ്പെടെയുള്ള വിവരങ്ങൾ സി.ബി.ഐയ്ക്ക് മൊഴിയായി നൽകുമെന്ന് കലാഭവൻ സോബി ജോർജ് പറഞ്ഞു. സി.ബി.ഐക്ക് മൊഴി നൽകാൻ ബാക്കിയുണ്ടാകില്ലെന്ന് അജ്ഞാതർ ഭീഷണിപ്പെടുത്തുന്നുണ്ട്.
സ്വകാര്യ സുരക്ഷയിലാണ് കഴിയുന്നത്. പൊലീസിൽ പലതവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം 'കേരളകൗമുദി'യോട് പറഞ്ഞു. ബ്രെയിൻമാപ്പിംഗ് ഉൾപ്പെടെ ഏതുപരിശോധനയ്ക്കും തയ്യാറാണ്.
# അപകടസ്ഥലത്ത് കണ്ടത്
തിരുനെൽവേലിയിലേക്കുള്ള യാത്രയിലാണ് അതുവഴി കടന്നുപോയത്. ബാലഭാസ്‌കറിന്റെ കാറാണെന്ന് അറിയില്ലായിരുന്നു. ആറേഴുപേർ നിൽപ്പുണ്ടായിരുന്നു. പുറത്തിറങ്ങാൻ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ ആക്രോശിച്ച് അടിച്ചോടിക്കാൻ ശ്രമിച്ചു. തടിച്ച ഒരാളാണ് ആക്രമിക്കാൻ വന്നത്. അപകടം നടന്നാൽ രക്ഷാ പ്രവർത്തനത്തിന് ആളെക്കൂട്ടാറുണ്ട്. പക്ഷേ, ഇവിടെ വിരട്ടി ഓടിക്കുകയായിരുന്നു. കാർ നീങ്ങിയപ്പോൾ ഇടതുവശത്തുകൂടി ഒരാൾ പോയി. വലതുവശത്തുനിന്ന് മറ്റൊരാൾ ബൈക്ക് സ്റ്റാർട്ടാക്കി പോയി.
സരിത്തെന്ന് സംശയിക്കുന്നയാൾ അവിടെ നിന്നവരുടെ കൂട്ടത്തിലായിരുന്നു. മറ്റുള്ളവർ അസഭ്യം പറഞ്ഞപ്പോൾ അയാൾമാത്രം നിശബ്ദനായിരുന്നു. അതിനാലാണ് ആ മുഖം ഓർമ്മയിൽ നിൽക്കുന്നത്. ഇക്കാര്യങ്ങൾ വെളിപ്പെടുത്തി അഞ്ചുദിവസം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് വിളിച്ചത്. മൊഴി രേഖപ്പെടുത്താൻ വിളിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചിട്ടില്ല.
# ഇപ്പോഴും ഭീഷണി
കാര്യങ്ങൾ വെളിപ്പെടുത്തിയത് മുതൽ വധഭീഷണിയാണ്. ഇന്റർനെറ്റ് ഫോണിൽനിന്നാണ് വിളിക്കുന്നത്. പറഞ്ഞതൊക്കെ മതി. കൂടുതൽ പറയാൻ നിൽക്കേണ്ടെന്നാണ് ഭീഷണി. സി.ബി.ഐക്ക് മൊഴി നൽകാൻ ജീവനോടെ ഉണ്ടാകില്ല, ഉറപ്പെന്നായിരുന്നു ഒടുവിലത്തെ ഫോൺ സന്ദേശം.
ജൂലായ് 20ന് രാത്രി സ്വന്തം സ്ഥാപനമായ കോതമംഗലം നെല്ലിമറ്റത്തെ കലാഗൃഹത്തിന്റെ വളപ്പിൽ ചിലർ അതിക്രമിച്ചുകയറി. ശബ്ദംകേട്ട് ലൈറ്റിട്ടതോടെ ഓടിപ്പോയി.
ഉൗന്നുകൽ പൊലീസിന് പലതവണ പരാതി നൽകി. സ്ക്രീൻഷോട്ടും ശബ്ദരേഖയും നൽകി. ജൂലായ് 20നും പരാതി നൽകി. യാതൊരു നടപടിയും സ്വീകരിച്ചില്ല.