bus1

കൊച്ചി: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുമ്പോൾ ജില്ലയിൽ 15 ബസുകൾ നിരത്തിലിറങ്ങും. പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ്. എറണാകുളം ഡിപ്പോയിൽനിന്ന് ഓർഡിനറി ബസുകൾ ഉൾപ്പെടെ 35 സർവീസുകളാണ് നിലവിൽ നടത്തിയിരുന്നത്. സംസ്ഥാനത്താകെ 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്. നിലവിൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ളിടങ്ങളിൽ ബസുകൾ സർവീസ് നടത്തും.

സ്വകാര്യബസുകൾ നിലയ്ക്കും

യാത്രക്കാരുടെ എണ്ണം കുറവായതിനാൽ സ്വകാര്യബസുകൾ ഇന്നുമുതൽ നികുതി ഇളവുകൾക്കായി ജി ഫോമുകൾ നൽകി കയറ്റിയിടും. ഇതോടെ കൂട്ടത്തോടെ ആളുകൾ പൊതുഗതാഗതം ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാവാതിരിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം. ഭൂരിഭാഗം ആളുകളും കൊവിഡ് ഭീതിമൂലം സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്കുള്ള വരുമാനനഷ്ടം ഇതിന് തെളിവാണ്.


റിലേ സർവീസുകൾ തുടരും

സമീപജില്ലകൾ കേന്ദ്രീകരിച്ച് റിലേ സർവീസുകൾ ആരംഭിച്ചിരുന്നു. യാത്രക്കാർ കുറവാണെങ്കിലും എറണാകുളം ഡിപ്പോയിൽ നിന്ന് അഞ്ചു ബസുകളാണ് പ്രതിദിനം സർവീസ് നടത്തുന്നത്. തൃശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ. അന്തർജില്ലാ സർവീസുകൾ നിറുത്തിവച്ചതിനെ തുടർന്ന് അയൽജില്ലകൾ തമ്മിൽ ബന്ധിപ്പിച്ചാണ് റിലേ സർവീസുകൾ തുടങ്ങിയത്. ഒരു ജില്ലയിൽ നിന്ന് അടുത്ത ജില്ലയിലേക്കും അവിടെനിന്ന് തൊട്ടടുത്തജില്ലയിലേക്കും ബസുകൾ സർവീസ് നടത്തുന്ന രീതിയിലാണ് ക്രമീകരണം. റിലേ സർവീസിലും യാത്രക്കാർ കുറവാണ്.


പൊതുഗതാഗതം സംരക്ഷിക്കണം
ജനങ്ങൾ പൊതുഗതാഗത സംവിധാനം ഒഴിവാക്കാനിടയാവരുത്. വരും ദിവസങ്ങളിൽ യാത്രക്കാരുടെ ആവശ്യം അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. ദീർഘദൂര സർവീസുകളോടൊപ്പം ഓർഡിനറി സർവീസുകളും ആവശ്യാനുസരണം ക്രമീകരിക്കും. രാവിലെയും വൈകിട്ടും കൂടുതൽ ബസുകൾ ഓടിക്കും.

വി.എം. താജുദ്ദീൻ
ഡി.ടി.ഒ.
എറണാകുളം