കൊച്ചി: കുടിശിക തീർക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി കരാറുകാർ ഇന്നുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ജോലികൾ നിറുത്തിവയ്ക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.നാരായണൻ, സെക്രട്ടറി എം.ആർ.സത്യൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 17 ന് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ സമരം ആരംഭിച്ചുവെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തിന് ശേഷം സമരം അവസാനിപ്പിച്ചു. കുടിശികയായ ബില്ലുകൾ ഉടൻ തീർത്തുനൽകാമെന്നും ബിൽ ഡിസ്കൗണ്ടിന് സംവിധാനം (ബി.ഡി.എസ്) നടപ്പാക്കാമെന്നും സമരം നിർത്തിയ സമയത്ത് സർക്കാർ ഉറപ്പുനൽകിയെങ്കിലും വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
രണ്ടു വർഷമായുള്ള കുടിശിക തീർപ്പാക്കുക, ചെറുകിട കരാർ മേഖലയെ അട്ടിമറിക്കുന്ന നടപടി അവസാനിപ്പിക്കുക, അശാസ്ത്രീയ ടെൻഡർ വ്യവസ്ഥകൾ പിൻവലിക്കുക, അന്യായമായി വർദ്ധിപ്പിച്ച പൈപ്പ്ലൈൻ ടെസ്റ്റിംഗ് ഫീസ് കരാറുകാരുടെ ചുമലിൽ വയ്ക്കാതെ വാട്ടർ അതോറിറ്റി സ്വയം വഹിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ .